1. കറന്‍സി രഹിത വിനിമയം ഇന്ത്യയില്‍ എത്രത്തോളം പ്രായോഗികമാണ്?

റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഈ വര്‍ഷം ജൂലൈ വരെയുള്ള കണക്കനുസരിച്ച് വിവിധ ബാങ്കുകള്‍ 25.9 മില്യന്‍ ക്രെഡിറ്റ് കാര്‍ഡുകളും 697.2 മില്യന്‍ ഡെബിറ്റ് കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്. തൊട്ടുമുന്‍പുള്ള മാസം ഇത് 25.4 മില്യന്‍ ക്രെഡിറ്റ് കാര്‍ഡുകളും 691.1 മില്യന്‍ ഡെബിറ്റ് കാര്‍ഡുകളുമായിരുന്നു.

2. കറന്‍സി രഹിത വിനിമയം സാധ്യമാക്കാന്‍ പര്യാപ്തമാണോ ഇത്രയും കാര്‍ഡുകള്‍?

മൂന്ന് തരത്തിലാണ് രാജ്യത്ത് കാര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നത്. 
a) ഓണ്‍ലൈനായി പണം ചിലവഴിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന്
b) എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന്
c) കടകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പി.ഒ.എസ് ടെര്‍മിനലുകളില്‍ ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്നതിനും

ക്യാശ് ഓണ്‍ ഡെലിവറി ഒഴികെ പൂര്‍ണ്ണമായി കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പണം പിന്‍വലിക്കല്‍ തീരുമാനം തടസ്സമായിട്ടില്ല. ഇവയൊഴികെ രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം പണമിടപാടുകളും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാണ്. മറ്റ് രംഗങ്ങളിലേക്കും കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അതിന് പി.ഒ.എസ് ഉപകരണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. 

കാര്‍ഡുകളുടെ എണ്ണം രാജ്യത്ത് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണമായി കണക്കാക്കാന്‍ കഴിയില്ലെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. യുവ തലമുറയിലുള്ള മിക്കവാറും പേര്‍ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്നവരാണ്.

3) രാജ്യത്ത് എത്ര പി.ഒ.എസ് ടെര്‍മിനലുകളുണ്ട്.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 1.44 മില്യന്‍ പി.ഒ.എസ് ടെര്‍മിനലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം എടിഎമ്മുകളും വിവിധ ബാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കറന്‍സി രഹിത വിനിമയത്തിന് 1.44 മില്യന്‍ പി.ഒ.എസ് ടെര്‍മിനലുകള്‍ ഒരിക്കലും മതിയാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശില്‍ മാത്രം 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണ്‍ കടകളുണ്ടെന്നാണ് കണക്കുകള്‍. ഇപ്പോള്‍ ലഭ്യമായ 1.44 മില്യന്‍ പിഒഎസ് ഉപകരണങ്ങളില്‍ ഏതാണ്ടെല്ലാം നഗര പ്രദേശങ്ങളില്‍ മാത്രമാണ്. ആകെയുള്ളതില്‍ 1.16 മില്യന്‍ പിഒഎസ് ടെര്‍മിനലുകളും എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടേതാണ്. ഇതില്‍ എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകളെല്ലാം നഗര കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവയാണ്.

4) ഡെബിറ്റ് കാര്‍ഡുകള്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത്?

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി 881 മില്യന്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഇതിന്റെ 85 ശതമാനവും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മാത്രമായിരുന്നു. പണത്തിന്റെ മൂല്യം കണക്കാക്കിയാല്‍ 92 ശതമാനം ഇടപാടുകളും പണം പിന്‍വലിക്കാന്‍ മാത്രമാണ്.

5) കറന്‍സി രഹിത വിനിമയത്തിലേക്ക് മാറാന്‍ തടസ്സമാവുന്നത് എന്താണ്?

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അധിഷ്‌ഠിതമായാണ് പി.ഒ.എസ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനം. രാജ്യത്തെ മിക്ക ഗ്രാമങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഇന്നും സ്വപ്നം മാത്രമായി തുടരുന്നു. ഓരോ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നതിനാല്‍ കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകള്‍ക്ക് ചിലവ് കൂടുതലാണ്. ഇതിനെല്ലാം പുറമെ രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്കും കാര്‍ഡ് ഉപയോഗത്തെ ഏറെ പിന്നോട്ടടിക്കുന്നു.