ബാങ്കിലെ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണന്ന കാര്യവും തന്‍റെ മോശം ആരോഗ്യനിലയെപ്പറ്റിയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ‍ഡി) കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ചോക്സി വ്യക്തമാക്കി. 

ദില്ലി: ആരോഗ്യനില മോശമായതിനാല്‍ തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മൊഹുല്‍ ചോക്സി. മുംബൈ കോടതിക്ക് എഴുതി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ചോക്സി വ്യക്തമാക്കിയത്. ഇപ്പോള്‍ താന്‍ താമസിക്കുന്ന ആന്‍റിഗ്വയില്‍ നിന്ന് ഇന്ത്യയിലേക്ക് 41 മണിക്കൂര്‍ യാത്രയുണ്ടെന്നും അത് തനിക്ക് സഹിക്കാനാകുന്നതല്ലെന്നും ചോക്സി പറയുന്നു. 

ബാങ്കിലെ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണന്ന കാര്യവും തന്‍റെ മോശം ആരോഗ്യനിലയെപ്പറ്റിയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ‍ഡി) കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ചോക്സി വ്യക്തമാക്കി. മൊഹുല്‍ ചോക്സി നാടുവിട്ട സാമ്പത്തിക കുറ്റവാളിയാണന്ന് പ്രഖ്യാപിക്കണമെന്നും വസ്തുവകകള്‍ കണ്ടുകെട്ടണമെന്നുമാണ് ഇ‍ഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിയുടെ തട്ടിപ്പുനടത്തിയാണ് മൊഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും രാജ്യവിട്ടത്.