2027 അവസാനത്തോടെ വിലയിൽ ഒരു സ്ഥിരത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്.

ദില്ലി: ഒരു പവൻ സ്വർണത്തിന് വില 80,000 രൂപയിൽ താഴേക്ക് വന്നേക്കാമെന്ന വിദ​ഗ്ദർ. കഴിഞ്ഞ കുറേ മാസങ്ങളായി വിപണിയിൽ കണ്ട വലിയ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് ഈ വിലയിരുത്തൽ. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും റഷ്യയുടെ വ്യാപാര നയങ്ങളിലെ മലക്കംമറിച്ചിലുമാണ് വില കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് സ്വർണത്തിൻ്റെ ഡിമാൻഡ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു വ്യാപാര കരാർ യാഥാർഥ്യമാകുന്നത് വിലയിടിവിന് കാരണമായേക്കുമെന്നാണ് പ്രവചനങ്ങൾ വരുന്നത്. ബ്രിക്സ് രാജ്യങ്ങളായ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ചേർന്നാണ് സമീപ മാസങ്ങളിൽ ആഗോളതലത്തിൽ വാങ്ങിയ സ്വർണത്തിൻ്റെ പകുതിയോളം സ്വന്തമാക്കിയത്. അമേരിക്കയുടെ വ്യാപാര നയങ്ങളോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഈ രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതും വില കുറയാൻ കാരണമാകും.

ഇന്ത്യയിൽ സ്വർണവില പവന് 70,000 രൂപയ്ക്കും 80,000 രൂപയ്ക്കും ഇടയിൽ സ്ഥിരത കൈവരിക്കുമെന്നാണ് ബ്ലൂംബെർഗിൻ്റെ പ്രവചനം. എന്നാൽ ഈ വിലയിടിവ് പെട്ടെന്നുണ്ടാകില്ല, മറിച്ച് സാവധാനത്തിലായിരിക്കും. 2027 അവസാനത്തോടെ വിലയിൽ ഒരു സ്ഥിരത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്. റെക്കോർഡ് വില കാരണം സ്വർണം വാങ്ങാൻ മടിച്ചുനിന്ന പലർക്കും ഇത് ഗുണകരമാകും. വില പവന് 80,000 രൂപയിൽ താഴേക്ക് വരുന്നത് ഇന്ത്യയിലെ സ്വർണ വിപണിക്ക് പുതിയ ഉണർവ് നൽകിയേക്കും. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയുടെ ഡോളർ നയത്തിലെ മാറ്റവും ബ്രിക്സ് രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറയ്ക്കുന്നതും നിർണായകമാകും. വരുന്ന മാസങ്ങളിൽ വിപണി സ്ഥിരത കൈവരിക്കുമോ അതോ ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം വീണ്ടും ചാഞ്ചാടുമോ എന്ന് കണ്ടറിയണം.