കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിരോധിച്ച ലക്ഷക്കണക്കിന് കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും മറ്റ് രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ സാമ്പത്തിക വിനിമയത്തിനുള്ള നോട്ടുകളായിട്ടല്ലെന്ന് മാത്രം. ദക്ഷിണാഫ്രിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി ഹാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണ് കേരളത്തില്‍ നിന്ന് നോട്ടുകള്‍ കടല്‍ കടക്കുന്നത്.

നിരോധിച്ച നോട്ടുകള്‍ ചെറിയ കഷണങ്ങളാക്കിയ ശേഷം ഹാര്‍ഡ്ബോര്‍ഡ്, പ്ലൈ വുഡ് എന്നിവ നിര്‍മ്മിക്കുന്നതിനായി റിസര്‍വ് ബാങ്ക് വില്‍ക്കുകയായിരുന്നു. ഇങ്ങനെ നോട്ടു കഷണങ്ങള്‍ വാങ്ങിയ കണ്ണൂര്‍ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സാണ് ഹാര്‍ഡ് ബോര്‍ഡുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നത്. സൗദി അറേബ്യയിലേക്കും ഇവിടെ നിന്ന് നോട്ടുകള്‍ അയക്കുന്നുണ്ട്. 2019ലാണ് ദക്ഷിണാഫ്രിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ പ്രചാരണാവശ്യങ്ങള്‍ക്കായി ഹാര്‍ഡ്ബോര്‍ഡുകള്‍ ഇപ്പോള്‍ തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. ഹാർഡ്ബോർഡിന്റെ പൾപ്പിൽ ആറു ശതമാനം വരെയാണു നോട്ടുകൾ ചേർക്കുന്നത്. ഇതിനായി ദിവസവും രണ്ടു ടൺ നോട്ടുകൾ ഉപയോഗിക്കുന്നു. 800 ടൺ ഹാർഡ് ബോർഡുകളാണ് ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്.

ചെറിയ കഷണങ്ങളാക്കി നുറുക്കിയ നിലയിലാണ് റിസർവ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസിൽ നിന്നും വലിയ കണ്ടെയ്നറുകളിൽ നോട്ടുകള്‍ എത്തിക്കുന്നത്. ഇവ ആവിയിൽ പുഴുങ്ങി അരച്ചെടുത്തു പൾപ്പാക്കും. എന്നിട്ടാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരു ടണ്‍ നോട്ടിന് 128 രൂപയാണ് റിസര്‍വ് ബാങ്ക് ഈടാക്കുന്നത്. കയറ്റിറക്ക് കൂലിയും വാഹനത്തിന്റെ ചിലവും കമ്പനി തന്നെ വഹിക്കണം. നിരോധിച്ച നോട്ടുകള്‍ കത്തിച്ചുകളയാനാണ് റിസര്‍വ് ബാങ്ക് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിച്ച് തീരുമാനം മാറ്റി. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന് ആഴ്ചകള്‍ക്കകം തന്നെ നോട്ടുകള്‍ ഇവിടെ എത്തിത്തുടങ്ങിയിരുന്നു.