കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് നോട്ട് നിരോധനത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരം വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കാണ് ധനമന്ത്രാലയം മറുപടി നല്‍കിയത്. കൃത്യമായ രേഖകള്‍ കൈവശമുണ്ടെങ്കിലും ഇത് വിവരാവകാശ നിയമത്തിന്‍റെ പരിധിയിലല്ല എന്നായിരുന്നു മറുപടി. രാജ്യത്തിന്റെ അഖണ്ഡതയേയോ സുരക്ഷയേയോ ശാസ്‌ത്ര, സാമ്പത്തിക താല്‍പ്പര്യങ്ങളെയോ ബാധിക്കുന്നതോ തന്ത്രപ്രധാന വിവരങ്ങളും കുറ്റകൃത്യത്തിലേക്കു നയിക്കുന്നതോ ആയ വിവരങ്ങളും മാത്രമേ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാതിരിക്കാനാകൂ. ഇതില്‍ ഏത് വിഭാഗത്തില്‍ ചോദ്യം വരുമെന്ന് വ്യക്തമാക്കതെയാണ് അപേക്ഷ ധനമന്ത്രാലയം തള്ളിയത്. ധനകാര്യമന്ത്രിക്കും സാമ്പത്തിക കാര്യ ഉപദേഷ്‌ടാവിനും നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പ് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നത്.