തിരുവനന്തപുരം: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകുന്നു. ജനുവരിയിലെ ശമ്പളം-പെന്‍ഷന്‍ വിതരണം താറുമാറാകുമെന്ന് സൂചന. അടുത്തയാഴ്ച ആദ്യം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 1391 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും പണം നല്‍കാനാവില്ലെന്ന് ഔദ്ദ്യോഗികമായി റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. ശമ്പളം-പെന്‍ഷന്‍ വിതരണത്തിനായി ജനുവരി ആദ്യവാരം 600 കോടി രൂപ നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ആവശ്യപ്പെട്ട പണത്തിന്റെ 60 ശതമാനം മാത്രമേ നല്‍കൂ എന്ന് റിസര്‍വ് ബാങ്ക് അറിയിച്ച സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അഭിപ്രായ്പപെട്ടത്. 

ഡിസംബര്‍ ആദ്യവാരവും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങാന്‍ മണിക്കൂറുകളോളം വയോജനങ്ങള്‍ക്കുള്‍പ്പെടെ കാത്തിരിക്കേണ്ടി വന്നു. പല ട്രഷറികളിലും ആദ്യ ദിവസങ്ങളില്‍ പണം എത്തിയതേയില്ല. കഴിഞ്ഞ മാസത്തെ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ 50 കോടിയിലേറെ രൂപ ഇനിയും ട്രഷറികളില്‍ നിന്ന് പിന്‍വലിക്കപ്പെടാനുണ്ട്. നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ധനകാര്യ മന്ത്രി തോമസ് ഐസ്ക് കത്തുനല്‍കിയിട്ടുണ്ട്.