ദില്ലി: ദില്ലിയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 2000 രൂപയുടെ വ്യാജ നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരനായ മുഹമ്മദ് ഇഷ എന്നയാളാണ് വെള്ളിയാഴ്ച പിടിയിലായത്. എ.ടി.എമ്മില്‍ നിറയ്ക്കാന്‍ നല്‍കിയ യഥാര്‍ത്ഥ നോട്ടുകള്‍ക്ക് പകരം ചിന്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള വ്യാജ നോട്ടുകളാണ് ഇയാള്‍ നിറച്ചത്.

ബാഗുമായി എ.ടി.എം കൗണ്ടറില്‍ പ്രവേശിച്ച ശേഷം ട്രേയില്‍ നിന്ന് യഥാര്‍ത്ഥ നോട്ടുകള്‍ എടുത്ത് പകരം കൈയ്യില്‍ കരുതിയിരുന്ന വ്യാജ നോട്ടുകള്‍ നിറയ്ക്കുകയായിരുന്നുയ ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജ നോട്ടുകളാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകളാണ് എ.ടി.എമ്മില്‍ നിന്ന് ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ പേര് പോലും ഇല്ലാതിരുന്ന നോട്ടില്‍ കേന്ദ്ര സര്‍ക്കാറിന് പകരം ചിന്‍ഡ്രന്‍സ് ഗവണ്‍മെന്റാണ് നോട്ടിന് ഗ്യാരന്റി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ദില്ലി പൊലീസും അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് പ്രതി പിടിയിലായത്.