നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയപ്പോഴും പിന്നീട് ചില പൊതുപരിപാടികളിലും 50 ദിവസം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. എന്നാല്‍ പുതിയ നോട്ടുകളുടെ അച്ചടി എങ്ങുമെത്താത്ത സാഹചര്യത്തില്‍ നിയന്ത്രണം ഇനിയും തുടരേണ്ടിവരും. പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തി ദിവസമായ ജനുവരി രണ്ടിന് എന്തായാലും കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. പണം ലഭ്യമാകുന്ന മുറയ്ക്ക് നിയന്ത്രണം ഭാഗികമായി പിന്‍വലിക്കാനേ സാധിക്കൂ. പിന്‍വലിക്കല്‍ പരിധി ഒറ്റയടിക്ക് എടുത്തുകളയാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. കേരളത്തിലടക്കം പലയിടങ്ങളിലും ബാങ്ക് ശാഖകളില്‍ പണമില്ലാത്തതിന്റെ പേരില്‍ ജനങ്ങളും ബാങ്ക് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ആഴ്ചയും സംഘര്‍ഷങ്ങളുണ്ടായിരുന്നു.

കൂടുതല്‍ നോട്ടുകള്‍ ലഭിക്കാതെ പണം പിന്‍വലിക്കാനുള്ള പരിധി എടുത്തുകളയാനാവില്ലെന്ന് സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടിരുന്നു. പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്കോ നിയന്ത്രണത്തിന് സമയപരിധി പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 30ന് ശേഷം സ്ഥിതിഗതികള്‍ പരിശോധിക്കുമെന്ന് മാത്രമാണ് ധനകാര്യ സെക്രട്ടറി അശോക് ലവാസ പറഞ്ഞത്. 15.4 ലക്ഷം കോടിയുടെ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഡിസംബര്‍ 19 വരെ 5.92 ലക്ഷം കോടിയുടെ പുതിയ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.