സംസ്ഥാനത്തെ വിപണികളില്‍ വിഷു കച്ചവടം തകൃതി. നോട്ട് ക്ഷാമം രൂക്ഷമായതോടെ കറന്‍സി രഹിത ഇടപാടുകളും വമ്പന്‍ ഓഫറുകളുമായി ഷോപ്പിംഗ് മാളുകളാണ് ഇത്തവണ വിപണി കീഴടക്കുന്നത്. നോട്ട് ക്ഷാമം രൂക്ഷമായതോടെ എ.ടി.എമ്മുകളില്‍ നിന്ന് പണം ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. ട്രഷറികള്‍ക്ക് ആവശ്യമായ പണം റിസര്‍വ് ബാങ്ക് നല്‍കാതെ വന്നതോടെ പലര്‍ക്കും പെന്‍ഷന്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല.
കയ്യില്‍ കാശില്ലേ, എ.ടി.എമ്മിന് മുന്നില്‍ പോയി വരി നില്‍ക്കേണ്ട, കടയിലെത്തി കാര്‍ഡുരച്ചാല്‍ വിഷു പൊടിപൂരമാക്കാമെന്നാണ് ഷോപ്പിങ് മാളുകളുടെയും വാഗ്ദാനം. ഒപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിഷു ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഷോപ്പിങ് മാളുകളും ബ്രാന്‍ഡഡ് ഷോറൂമുകളുമെല്ലാം വിഷു പ്രമാണിച്ച് പ്രത്യേക ഓഫറുകള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സദ്യവട്ടങ്ങള്‍ക്കൊപ്പം വസ്‌ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുമെന്നത് ഇടത്തരക്കാര്‍ മുതലുള്ളവരെ ഷോപ്പിങ് മാളുകളിലേക്ക് ആകര്‍ഷിക്കുന്നു. രാത്രി വൈകിയാലും ഷോപ്പിംഗ് മുടങ്ങില്ല. എന്നാല്‍ നോട്ട് ക്ഷാമത്തിനൊപ്പം മാളുകളിലേക്കുള്ള ഒഴുക്ക് കൂടുന്നത് സാധാരണ കച്ചവടക്കാരുടെ വിഷു ആഘോഷത്തിന്‍റെ നിറം കെടുത്തുന്നുണ്ട്.
