മുൻകേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും വീടുകളിലും സ്ഥാപനങ്ങളിലും രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ് നടത്തുന്നു. ആര്‍.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പേരിലുള്ള 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് കേസിൽ ആദായ നികുതി വകുപ്പ് ദില്ലിയടക്കമുള്ള 22 സ്ഥലങ്ങളിലും റെയ്ഡ‍് നടത്തി. എന്നാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് കോൺഗ്രസിന്റെയും ലാലുവിന്റെയും ആരോപണം.
പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലായിരുന്ന ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിയ്ക്കാൻ അന്നത്തെ ധനമന്ത്രിയും വിദേശ നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്ന കേന്ദ്രബോർഡ് അദ്ധ്യക്ഷനുമായിരുന്ന പി ചിദംബരം വഴിവിട്ട് സഹായിച്ചുവെന്നാണ് കേസ്. മകൻ കാർത്തി ചിദംബരത്തിന്റെ ഗുരുഗ്രാമിലെ കൺസൽട്ടൻസി വഴിയാണ് ഐ.എൻ.എക്സ് മീഡിയ ബോർഡിന് അപേക്ഷ നൽകിയത്. 4.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു കാണിച്ചിരുന്നതെങ്കിലും നൂറുകണക്കിന് കോടിയാണ് കമ്പനിയ്ക്ക് ലഭിച്ചത്. കാർത്തി ചിദംബരത്തിന്റെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതിയിലും സ്ഥാപനങ്ങളിലും പീറ്റർ മുഖർജിയുടെ വീട്ടിലും റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ മറുപടി.
കേന്ദ്രസർക്കാർ തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിയ്ക്കുകയാണെന്ന് പി ചിദംബരം പ്രതികരിച്ചു. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം രംഗത്തെത്തിയപ്പോൾ നിയമം നിയമത്തിന്‍റെ വഴിയ്ക്കുപോകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. അതേസമയം, 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ബന്ധമുണ്ടെന്ന് ആരോപിയ്ക്കപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകൾ ഉൾപ്പടെ 22 ഇടങ്ങളിൽ ആദായനികുതി വകുപ്പും റെയ്ഡുകൾ നടത്തി. എന്നാൽ ഇത്തരം വ്യക്തിഹത്യകൾ കൊണ്ടൊന്നും പേടിച്ചു പിൻമാറില്ലെന്നായിരുന്നു ട്വിറ്ററിൽ ലാലുവിന്റെ പ്രതികരണം.
