ലയനത്തിനെതിരെ ജീവനക്കാരുടെ എതിര്‍പ്പും പ്രതിഷേധങ്ങളും തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ ലയന നീക്കത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ പ്രതിഷേധങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സന്ദേശം കൂടിയാണ് പുറത്തുവന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ്‍ ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിലയാണ് എസ്.ബി.ഐയുമായി ലയിപ്പിക്കുന്നത്. ലയനത്തോടെ പ്രവര്‍ത്തന മികവ് വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് ജെയ്റ്റ്‍ലി പറഞ്ഞു. 

ഭാരതീയ മഹിളാ ബാങ്കും ലയിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. ജീവനക്കാരുടെ പുനര്‍വിന്യാസം പോലുള്ള കാര്യങ്ങളില്‍ ഇതുവരെ വലിയ ധാരണയായിട്ടില്ലെങ്കിലും ഇതൊന്നും തടസ്സമാവില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.