പൊതുമേഖലാ വിമാനക്കമ്പനിയായ എയർഇന്ത്യയെ കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു. പ്രാപ്തനായ നിക്ഷേപകനെ കണ്ടെത്താനായാൽ എയർഇന്ത്യയെ പൂർണമായും വിൽക്കുന്നത് പരിഗണനയിലാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി പറഞ്ഞു. കനത്ത നഷ്ടമാണ് എയർഇന്ത്യയെ വിൽക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.

50,000 കോടി രൂപയാണ് രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കട ബാധ്യത. വിപണിയുടെ 14 ശതമാനം വിഹിതമാണ് എയര്‍ ഇന്ത്യ കൈയ്യാളുന്നത്. 86 ശതമാനം വിപണി വിഹിതമുള്ള സ്വകാര്യ കമ്പനികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും എയര്‍ ഇന്ത്യ സ്ഥിരമായി നഷ്ടത്തില്‍ തുടരുകയും ചെയ്യുന്നതാണ് കമ്പനി വില്‍ക്കുന്നതിലേക്ക് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നത്. നിലവില്‍ 30,000 കോടി രൂപയുടെ രക്ഷാ പാക്കേജ് വഴിയാണ് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം. 10 വര്‍ഷം ദൈര്‍ഘ്യമുള്ള ഈ പാക്കേജ് 2022ല്‍ അവസാനിക്കും. തുടര്‍ന്നും എയര്‍ ഇന്ത്യ പറക്കണമെങ്കില്‍ വീണ്ടും ധനസഹായം നല്‍കേണ്ടിവരും. ഈ സാഹചര്യം അവസാനിപ്പിക്കുന്നതിനാണ് വില്‍പ്പന എന്ന കടുത്ത തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്. 

സര്‍ക്കാറിന്റെ പണം ജനങ്ങളുടെ പണമാണെന്നും നഷ്ടം നികത്താന്‍ വേണ്ടി മാത്രം ഒരു കമ്പനിക്ക് പൊതുഖജനാവിലെ പണം നല്‍കാനാവില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ നിലപാട്. 50,000 കോടി രൂപയുടെ കടബാധ്യത ഉള്‍പ്പെടെ കമ്പനിയെ ഏറ്റെടുക്കാന്‍ കഴിയുന്ന നിക്ഷേപകരെയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് 25,000 കോടിയുടെ മതിപ്പ് വില വരും. മറ്റ് വിലപിടിപ്പുള്ള സ്വത്തുക്കളും കമ്പനിക്കുണ്ട്. മൊത്തമായി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ ഓഹരി വില്‍പ്പനയും സര്‍ക്കാറിന്റെ അജണ്ടയിലുണ്ട്. ഇപ്പോള്‍ തന്നെ ആകാശ യാത്രയുടെ 86 ശതമാനവും കൈയ്യാളുന്ന സ്വകാര്യ മേഖലയ്ക്ക് അതിന്റെ നൂറു ശതമാനവും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.