പൊതുമേഖലയുടെ ഭാവി പ്രവചിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ദില്ലി: ഇന്ത്യന്‍ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്നതില്‍ സംരംഭകരുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമ്പദ്ഘടനയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമ്മള്‍ ശ്രദ്ധ വയ്ക്കണം. മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യന്‍ സമ്പദ്ഘടന മികച്ച മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് പ്രഭു. പൊതുമേഖല എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നോ, പൊതു മേഖല തന്നെ ഇല്ലാതാവുമെന്നോ നമ്മള്‍ക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പൊതു മേഖലയുടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വ്വകലാശാലയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയ്ക്ക് നല്ലത് ഏതാണോ അത് വേണം നമ്മള്‍ ചെയ്യാന്‍. ഇന്ത്യയ്ക്ക് നന്മ വരുത്തുന്ന വിഷയങ്ങള്‍ കാലഘട്ടത്തിനൊത്ത് മാറിക്കൊണ്ടിരിക്കും. അതിനനുസരിച്ച് നമ്മള്‍ മാറിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കേ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് വലിയ രാഷ്ട്രിയ പ്രാധാന്യമുണ്ട്.

ലോകത്തിന് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് രാജ്യവികാസത്തെക്കുറിച്ചുളള നമ്മുടെ ആശയങ്ങളും മാറണമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വ്യവസായ - വാണിജ്യ വകുപ്പ് ക്യാബിനറ്റ് മന്ത്രിയാണ് സുരേഷ് പ്രഭു.