തിരുവനന്തപുരം: ഉട്ടോപ്യന്‍ ആശയങ്ങള്‍ക്കു പഞ്ഞമില്ലാത്ത സ്വപ്നലോകത്തെ ബജറ്റ് അവതരണമായിരുന്നു തോമസ് ഐസക്കിന്റേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലര്‍പ്പൊടിക്കാരന്റെ കണക്കുകളാണ് ഐസക് അവതരിപ്പിച്ചതെന്നായിരുന്നു മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ പ്രതികരണം. യുഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളില്‍നിന്നു കരയേറാനുള്ള ബജറ്റാണിതെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി
800 കോടിയുടെ അധിക ഭാരം ജനത്തെ അടിച്ചേല്‍പിച്ച ജനവിരുദ്ധ ബജറ്റെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. വിലക്കയറ്റം ഉണ്ടാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബജറ്റ്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കാനുള്ള നീക്കം യുഡിഎഫിന്റെ കയ്യിലുള്ള ബാങ്കുകള്‍ പിടിക്കാനുള്ള തന്ത്രമാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ സാമ്പത്തിക ധൂര്‍ത്ത് കാരണം ദൈനംദിന ചെലവും വരുമാനവും ഒത്തുപോകാത്ത സ്ഥിതിയാണെന്നും നികുതി വരുമാനം വര്‍ധിപ്പിച്ചാലും മിച്ചം പിടിക്കാനാകില്ലെന്നും ധനമന്ത്രി തിരിച്ചടിച്ചു.
