കോഴിക്കോട്: കോഴിക്ക് വില കുറഞ്ഞെങ്കിലും ചില്ലറ വില്‍പന കുറയ്ക്കാതെ കച്ചവടക്കാര്‍. മത്സ്യബന്ധന തൊഴിലാളികള്‍ അനിശ്ചിതകാലസമരം നടത്തുന്നതിനാല്‍ കോഴിക്ക് വില്‍പന വര്‍ധിക്കും എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍ വില ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്. 

ഒരു കിലോ ജീവനുള്ള കോഴിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കിലോയ്ക്ക് 54 രൂപ. തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി ഉത്പാദനം വര്‍ധിച്ചതും കര്‍ണാടകയില്‍ നിന്നുള്ള കോഴിവരവ് കൂടിയതും ഇറച്ചിക്കോഴിയുടെ മൊത്തവില കുറയാന്‍ കാരണമായിട്ടുണ്ട്. 

എന്നാല്‍ മൊത്തവിലയില്‍ ഇത്രവലിയ ഇടിവുണ്ടായിട്ടും ചില്ലറ വില്‍പനയില്‍ ഈ മാറ്റം വന്നിട്ടില്ല. കോഴിയിറിച്ചക്ക് കിലോ 120 രൂപയാണ് ഇന്ന് കോഴിക്കോട്ടെ വില. 90 രൂപയ്ക്ക് വിറ്റാല്‍ പോലും കച്ചവടക്കാര്‍ക്ക് ലാഭമാണെങ്കിലും വില കുറയ്ക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. 

മത്സ്യബന്ധന ബോട്ടുകളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യക്ഷാമം രൂക്ഷമാക്കുകയും മത്സ്യവില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കോഴിയിറിച്ചിയുടെ ഡിമാന്‍ഡ് കൂട്ടുമെന്ന ഇറച്ചിക്കോഴി വ്യാപാരികള്‍ വില കുറയ്ക്കാത്തതെന്നാണ് സൂചന.