കോഴിക്കോട്: വില്‍പന വിലയെ ചൊല്ലി ധനമന്ത്രിയുമായുള്ള തര്‍ക്കം ഒരു വശത്ത് നടക്കുമ്പോള്‍ ഇറച്ചി കോഴികള്‍ക്ക് വ്യാപാരികള്‍ വിലയുയര്‍ത്തി. കഴിഞ്ഞ ദിവസം കിലോക്ക് 180 രൂപക്ക് വിറ്റ കോഴി ഇറച്ചി ഇന്ന് 200 രൂപക്കാണ് കോഴിക്കോട്ടെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.
87 രൂപയെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം തള്ളുക മാത്രമല്ല ജി സ് ടിയുടെ പേരില്‍ ഉയര്‍ന്ന വില ഈടാക്കി കൊണ്ടു കൂടിയാണ് ഇറച്ചി കോഴി വ്യാപാരികളുടെ പക പോക്കല്‍. കടകളടച്ച് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വില കുറവ് പ്രതീക്ഷിച്ച് വന്നവര്‍ ഇന്നത്തെ വില അറിഞ്ഞ് അമ്പരന്നു. 180 രൂപ വില ഉണ്ടായിരുന്ന കോഴി ഇറച്ചിക്ക് ഒരു രാത്രി പിന്നിട്ടതോടെ 20 രൂപ കൂടി.
വ്യാപാരികളുടെ സമര പ്രഖ്യാപനത്തോടെ കടകളില്‍ തിരക്ക് കൂടി വരുന്നുണ്ട്. ഇത് കൂടി കണ്ടാണ് സമരത്തലേന്ന് തോന്നുംപടിയുള്ള വില ഉയര്‍ത്തല്‍. ഫാമുകളിലെ ഉത്പാദന ചെലവും, തമിഴ്‌നാട്ടിലെ വില്‍പന വിലയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് 87 രൂപയെന്ന വിലയെ കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന് പറഞ്ഞ് വ്യാപാരികള്‍ കണ്ണുരുട്ടുന്നത്.
