യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന

ദില്ലി: അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അരിയും, മരുന്നും മുടക്കാതിരിക്കാന്‍ ഇന്ത്യന്‍ സഹായം ചൈന തേടിയതായി സൂചന. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ചൈന എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അരി ഇറക്കുമതിക്ക് മുന്നോടിയായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും രഹസ്യമായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തി അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കിയത്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നിൽ ഇപ്പോള്‍ ഇന്ത്യയാണ്. 

അമേരിക്കന്‍ ചൈന വ്യാപര യുദ്ധത്തിന്‍റെ ഏറ്റവും വലിയ നേട്ടം ഇന്ത്യയ്ക്കാണെന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വ്യാപരയുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഇരുവിഭാഗങ്ങളും ഇന്ത്യന്‍ സഹായം തേടുന്നുണ്ടെന്നാണ് സൂചന. ചൈനയ്ക്ക് ഒപ്പം യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്ക് എതിരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ വ്യാപര യുദ്ധം ഇന്ത്യയ്ക്ക് നയതന്ത്രപരമായും നേട്ടമായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍വിദേശസന്ദര്‍ശനങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കു സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നും വാണിജ്യ, വ്യാപാര, കയറ്റുമതി മേഖലകളില്‍ ഇതു പ്രയോജനം ചെയ്യുമെന്നുമാണ് സാമ്പത്തിക വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിങ്ങുമായി വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു. 

അമേരിക്കയുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സോയാബീന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. പ്രധാനമായും കന്നുകാലി തീറ്റയ്ക്കാണ് ചൈനയില്‍ സോയാബീന്‍ ഉപയോഗിക്കുന്നത്.

അതേ സമയം ലോകത്തെ രണ്ടാമത്തെ മരുന്നു വിപണിയായ ചൈനയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ മരുന്നു വിതരണക്കാര്‍ക്ക് ഡ്രഗ് ലൈസന്‍സ് നല്‍കാന്‍ ചൈനീസ് അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്. ആറു മാസത്തിനുള്ളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ചൈനയിലെ മരുന്നു വിപണിയില്‍ സജീവമാകാന്‍ കഴിയുമെന്നാണു സൂചന. ഇത് അമേരിക്കന്‍ മരുന്ന് നിര്‍മ്മാതാക്കളുടെ സ്വാദീനം കുറയ്ക്കാനുള്ള നീക്കമാണ്.

As US trade war escalates China rolls out red carpet for Indian drugmakers