നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ് ക്രിസ്മസ് വിപണി. ക്രിസ്മസ് തൊട്ടടുത്ത് എത്തിയിട്ടും മത്സ്യ-മാംസ വിപണികളില്‍ പതിവ് തിരക്കില്ല. നേരിയ തോതില്‍ വില ഉയര്‍ന്നതും തിരിച്ചടിയായി.

ഒരു കിലോ ആവോലിയ്‌ക്ക് വില 600 രൂപ. ചെമ്മീന് 400, കരിമീനിന് 500. എന്നാല്‍ കേരയ്‌ക്ക് വില കുറവാണ് കിലോയ്‌ക്ക് 200 രൂപ. ചെറുമീനുകള്‍ക്കും വലിയ തോതില്‍ വില ഉയര്‍ന്നിട്ടില്ല. വില വര്‍ദ്ധന നേരിയ തോതില്‍ മാത്രമാണെങ്കിലും ചില്ലറയാണ് പ്രശ്നം. എല്ലാവരും രണ്ടായിരത്തിന്‍റെ നോട്ടമായി വരുന്നതിനാല്‍ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍.

കോഴിയിറച്ചിയ്‌ക്ക് 110 രൂപയ്‌ക്ക് മുകളിലോട്ടാണ് എറണാകുളം മാര്‍ക്കറ്റിലെ വില. ബീഫിന് 280. പക്ഷിപ്പനി ഭീതി താറാവിന്‍റെ ഡിമാന്‍ഡ് കുറച്ചു. കിലോയ്‌ക്ക് വില 220 രൂപ മാത്രം. ആട്ടിറച്ചിയ്‌ക്ക് പക്ഷേ 500 രൂപ കൊടുക്കണം.

നോട്ടുപ്രതിസന്ധിയാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ- മാംസ വിപണിയിലെ വില കുത്തനെ ഉയര്‍ത്താത്തത്. എന്നാല്‍ ഇതേ പ്രതിസന്ധി സാധാരണക്കാരുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ശോഭ കെടുത്തുകയും ചെയ്യുന്നു.