ദില്ലി: യു.എസ് - ചൈന വ്യാപാര യുദ്ധം ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ ഐ.എം.എഫ്. മേധാവിയുടെ പ്രതികരണമെത്തി. യു.എസ്. -ചൈനാ വ്യാപാരയുദ്ധം ലോകത്തെ ബിസിനസ്സ് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ഇത് ബിസിനസ്സ് നിക്ഷേപ മേഖലയെ ദീര്‍ഘകാല പ്രതിസന്ധികളിലേക്ക് നയിക്കുമെന്നും ഐ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലെഗാര്‍ഡെ അറിയിച്ചു. 

രാജ്യത്തിന്‍റെ സുരക്ഷയെ തകിടം മറിക്കുമെന്ന് ആക്ഷേപമുന്നയിച്ചാണ് ചൈനയില്‍ നിന്നുളള സ്റ്റീലിന്‍റെയും അലുമിനിയത്തിന്‍റെയും ഇറക്കുമതി തീരുവ യു.എസ്. ഉയര്‍ത്തിയത്. ഇതിനുപകരമായി യു.എസ്. ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് ചൈനയും പകരം വീട്ടി. 

ഇതോടെ 150 ബില്ല്യണ്‍ ഡോളറിന്‍റെ ചൈനീസ് ഇറക്കുമതിയാണ് തടസ്സപ്പെട്ടത്. ഇതെ മാതൃക മറ്റ് പല രാജ്യങ്ങളും ആലോചിക്കുന്നതായാണ് സൂചന. നിക്ഷേപവും വ്യാപാരവും ലോക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍ജിനുകള്‍ പോലെയാണ്. എന്നാല്‍ വ്യാപാര യുദ്ധം ഇവയെ തകരാറിലാക്കുകയും ലോകത്തെ നിക്ഷേപ അന്തരീക്ഷത്തെ കലുഷിതമാക്കുകയും ചെയ്യുമെന്നും ക്രിസ്റ്റന്‍ ലെഗാര്‍ഡെ പറഞ്ഞു.