ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തും

ദില്ലി: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ വളരുന്ന സാമ്പത്തിക വ്യവസ്ഥയെ അത് മേശമായി ബാധിക്കുമെന്ന് ക്രിസ് വുഡ്. പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിംഗ് കമ്പനിയായ സിഎല്‍എസ്എയുടെ ചീഫ് സ്ട്രാറ്റജിസ്റ്റാണ് ക്രിസ് വുഡ്. സര്‍ക്കാരിന്‍റെ കടപ്പത്ര വിറ്റഴിക്കലും ധനക്കമ്മിയും ക്രൂഡ് ഓയില്‍ വില അനിയന്ത്രിതമായി കൂടുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളികളാണ്.

എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തുമെന്നും ക്രിസ് വുഡ് അറിയിച്ചു. ക്രൂഡിന്‍റെ വില ഉയരുന്നതും ഫെഡറല്‍ റിസര്‍വ് വരുത്തിയ പലിശ നിരക്കുകളുടെ വ്യതിയാനവും രൂപയ്ക്കെതിരായി ഡോളറിന്‍റെ കരുത്ത് കൂട്ടി.

ഡോളറിനെതിരെയുളള രൂപയുടെ വിനിമയ മൂല്യത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ സാമ്പത്തികമായ പുരോഗതിയെന്നും വുഡ് ആഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഇടിവ് നേരിട്ടെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ മിഡ് ക്യാപ് ഓഹരികള്‍ ഉയര്‍ന്ന തലത്തില്‍ തന്നെയായിരിക്കുമെന്നും ക്രിസ് വുഡ് അഭിപ്രായപ്പെട്ടു.