കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രചെയ്തത് 77.70 ലക്ഷം യാത്രക്കാര്‍. മുന്‍ വര്‍ഷത്തേക്കാള്‍ 20.89 ശതമാനം അധികമാണിത്. സിയാലില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധനവുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നു സിയാല്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ 26.82 ലക്ഷത്തില്‍നിന്ന് 31.29 ആയി ഉയര്‍ന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 46.41 ആണ്. മുന്‍ വര്‍ഷം ഇത് 37.45 ആയിരുന്നു. 23.92 ശതമാനം വര്‍ധന.

സര്‍വീസുകളുടെ എണ്ണം പത്തു ശതമാനമാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ 57762 സര്‍വസുകള്‍ സിയാല്‍ നടത്തി. പുതുതായി ഒരു അന്താരാഷ്ട്ര സര്‍വീസും രണ്ട് ആഭ്യന്തര സര്‍വീസുകളും സിയാല്‍ ആരംഭിക്കുന്നുണ്ട്. വിസ്താര, എയര്‍പെഗാസിസ് എന്നിവയാണു പുതുതായി കൊച്ചിയിലേക്കെത്തുന്നത്. എയര്‍ ഏഷ്യയും പുതിയ രാജ്യാന്തര സര്‍വീസിന് എത്തും.