ദില്ലി: നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തി നിയമനടപടികളില്‍ നിന്ന് ഒഴിവാകാവുന്ന പദ്ധതിയില്‍ നിന്നും സഹകരണ ബാങ്കുകള്‍ക്ക് വിലക്ക്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിപ്രകാരമുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

ആദായ നികുതി വകുപ്പ് നടത്തിയ ചില പരിശോധനകളില്‍ രാജ്യത്ത് പലയിടങ്ങളിലെയും സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വിശദീകരിക്കുന്നു. രാജ്യത്തെ ഏത് ബാങ്കുകളിലും പദ്ധതി പ്രകാരം നിക്ഷേപം നടത്താമെന്ന പഴയ സര്‍ക്കുലര്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സഹകരണ ബാങ്കുകള്‍ ഒഴികെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് ബാധകമാവുന്ന എല്ലാ സ്ഥാപനങ്ങളിലും നിക്ഷേപിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. 

സ്വമേധയാ വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന്റെ 50 ശതമാനം നികുതിക്ക് ശേഷം 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് പദ്ധതിയില്‍ നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. നികുതി അടച്ച ശേഷമാണ് പണം നിക്ഷേപിക്കേണ്ടത്. ഇതിനുള്ള പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ഇത് ബാങ്ക് അധികൃതര്‍ റവന്യൂ വകുപ്പിനെ അറിയിക്കും. വകുപ്പിന്റെ അനുമതിയോടെ മാത്രമേ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുകയുള്ളൂ.