സര്‍ക്കാര്‍ പുറത്തിറക്കുന്ന സ്മാരക നാണയങ്ങളെ സംബന്ധിച്ച ഇന്ത്യയിലെ ആദ്യ നിയമം 1906 ലെ ഇന്ത്യന്‍ കോയിനേജ് ആക്ട് ആയിരുന്നു. ഈ നിയമപ്രകാരം പുറത്തിറക്കാവുന്ന സ്മാരക നാണയത്തിന്‍റെ പരമാവധി മൂല്യം 100 രൂപയായിരുന്നു. പിന്നീട്, ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1975 ല്‍ സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്തു

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ അടല്‍ ബിഹാരി വാജ്പേയി വരെ നീളുന്നതാണ് സ്വതന്ത്ര ഇന്ത്യയിലെ സ്മാരക നാണയങ്ങളുടെ കഥ. 1964 ലാണ് ആദ്യമായി ഇന്ത്യ ഒരു സ്മാരക നാണയം സര്‍ക്കാര്‍ പുറത്തിറക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മവാര്‍ഷികം പ്രമാണിച്ചായിരുന്നു അന്ന് സര്‍ക്കാര്‍ സ്മാരക നാണയം പുറത്തിറക്കിയത്. 

സര്‍ക്കാര്‍ പുറത്തിറക്കുന്ന സ്മാരക നാണയങ്ങളെ സംബന്ധിച്ച ഇന്ത്യയിലെ ആദ്യ നിയമം 1906 ലെ ഇന്ത്യന്‍ കോയിനേജ് ആക്ട് ആയിരുന്നു. ഈ നിയമപ്രകാരം പുറത്തിറക്കാവുന്ന സ്മാരക നാണയത്തിന്‍റെ പരമാവധി മൂല്യം 100 രൂപയായിരുന്നു. പിന്നീട്, ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1975 ല്‍ സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്തു. 1975 ലെ ഭേദഗതിയിലൂടെ ഈ പരിധി 100 ല്‍ നിന്ന് 1,000 ലേക്ക് ഉയര്‍ത്തി.

സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയ സ്മാരക നാണയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുളളത് 1,000 രൂപയുടേതാണ്. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിന് ആയിരം വര്‍ഷം തികഞ്ഞതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ 1,000 രൂപ മൂല്യമുളള നാണയം പുറത്തിറക്കിയത്. ഇതുവരെ ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത്, അന്‍പത്, എഴുപത്തി അഞ്ച്, നൂറ്, നൂറ്റി അന്‍പത് എന്നിവയാണ് സര്‍ക്കാര്‍ പലപ്പോഴായി പുറത്തിറക്കിയിട്ടുളള മറ്റ് സ്മാരക നാണയങ്ങളുടെ മൂല്യം. 

ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറങ്ങിയപ്പോള്‍ 4,775 രൂപ, 4,435 രൂപ എന്നീ രണ്ട് നിരക്കുകളിലായിരുന്നു ലഭ്യമായിരുന്നത്. കഴിഞ്ഞ ദിവസം വാജ്പേയിയുടെ സ്മരണയില്‍ പുറത്തിറങ്ങിയ 100 രൂപ നാണയം 3,300 രൂപ, 3,500 രൂപ എന്നീ പ്രീമിയം നിരക്കുകളിലാവും വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. സാധാരണ നാണയങ്ങള്‍ പോലെ ഇവ വിനിമയത്തിന് എത്തില്ല. 

വാജ്പേയിയുടെ 94 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം നിര്‍മ്മിച്ചിരിക്കുന്നത് നാല് ലോഹങ്ങള്‍ ഉപയോഗിച്ചാണ്. 35 ഗ്രാം ഭാരമുളള നാണയത്തില്‍ 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം വീതം സിങ്കും നിക്കലുമാണ്. 

പുതിയ 100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് വാജ്പേയിയുടെ മുഖവും മറുഭാഗത്ത് അശോക സ്തംഭവും ആലേഖനം ചെയ്തിരിക്കുന്നു. ദേവനാഗരി, റോമൻ ലിപികളിൽ സത്യമേവ ജയതേ, ഭാരത്, അടൽ ബിഹാരി വാജ്പേയി എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. വാജ്‌പേയി ജനിച്ച വര്‍ഷമായ 192 ഉം അന്തരിച്ച വര്‍ഷമായ 2018 ഉം നാണയത്തിൽ നല്‍കിയിട്ടുണ്ട്. 1996ലും 1998 ലും വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 2018 ഓഗസ്റ്റ് 16നായിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.