ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയെങ്കില്‍ പുതിയ എംആര്‍പി ഈടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ കവറിന് പുറത്ത് പുതിയ വിലയും പഴയ വിലയും രേഖപ്പെടുത്തണം. ഇതിന് മുമ്പ് നിര്‍മാതാവ് വില വര്‍ദ്ധനയെക്കുറിച്ചിന് രണ്ട് മാധ്യമങ്ങളിലെങ്കിലും പരസ്യം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജി.എസ്.ടി നിലവില്‍ വന്നതോടെ പരമാവധി വില്‍പ്പന വിലയെച്ചൊല്ലി വില്‍പ്പനക്കാരും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹര്യത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ജി.എസ്.ടിയോടെ ഏതെങ്കിലും ഉത്പന്നത്തിന് വില കൂടിയെങ്കില്‍ നിര്‍മാതാവിന് എം.ആര്‍.പി പുതുക്കി നിശ്ചയിക്കാം. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ കവറിന് പുറത്ത് പുതിയ വിലയും പഴയ വിലയും വ്യക്തമാക്കി സ്റ്റിക്കര്‍ പതിപ്പിക്കണം. ഒപ്പം ഉല്‍പ്പന്നത്തിന്റെ നിര്‍മാതാവ് അല്ലെങ്കില്‍ ഇറക്കുമതിക്കാരന്‍ വിലവര്‍ധന വ്യക്തമാക്കി രണ്ട് മാധ്യമങ്ങളിലെങ്കിലും പരസ്യം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പുതിയ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ- ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ ട്വീറ്റ് ചെയ്തു. ഉല്‍പ്പന്നത്തിനുമേല്‍ ജി.എസ്.ടി കീഴിലുള്ള പുതിയ വില പതിപ്പിക്കാതെ കൂടിയ തുക ഈടാക്കിയാല്‍ കടയുടമ നിയമനടപടി നേരിടേണ്ടിവരുമെന്നും പാസ്വാന്‍ വ്യക്തമാക്കി. പുതിയ സ്റ്റിക്കര്‍ പതിപ്പിച്ച് പഴയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ രണ്ട് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുള്ള വില്‍പ്പന അനുവദിക്കില്ലെന്നും കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറി അവിനാശ് ശ്രീവാസ്തവ അറിയിച്ചു. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള വിലമാറ്റങ്ങളും വിതരണവും നിരീക്ഷിക്കാന്‍ എല്ലാ ആഴ്ചയിലും കേന്ദ്ര വിദഗ്ദസമിതി യോഗം ചേരുന്നുണ്ട്.
