മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പില്‍ പ്രമുഖ രത്നവ്യാപാരി നീരവ് മോദിക്കെതിരെ ബാങ്ക് സി.ബി.ഐക്ക് പരാതി നല്‍കി. മുംബൈ ബ്രാഞ്ചില്‍ നിന്ന് 11,000 കോടി രൂപയുടെ തിരിമറി നടന്നത് ബാങ്ക് ജീവനക്കാരും നീരവ് മോദിയും ഒത്തു കളിച്ചാണെന്നാണ് ബാങ്കിന്‍റെ വിലയിരുത്തല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളോടും സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ സമര്‍പ്പിക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടു.

ഒരുമാസത്തിലധികമായി മുബൈ ബ്രാഡി ഹൗസ് ശാഖയില്‍ അനധികൃത ഇടപാടുകള്‍ നടക്കുന്നതായി ബാങ്കിന് വിവരം ലഭിച്ചിരുന്നു. ഇവിടത്തെ ജീവനക്കാര്‍ പ്രമുഖ രത്നവ്യാപാരിയായ നീരവ് മോദിയുമായി നടത്തിയ അനധികൃത ഇടപാടുകളാണ് രാജ്യത്തെ ബാങ്കിങ് മേഖല കണ്ട ഏറ്റവും വലിയ തിരിമറിക്ക് പിന്നില്ലെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന് ലഭിക്കുന്ന പ്രാഥമിക വിവരം. നീരവ് മോദിക്കെതിരെയും, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമക്കുമെതിരെയാണ് ബാങ്ക് സി.ബി.ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. ഈ ബ്രാഞ്ചില്‍ നിന്ന് ജീവനക്കാര്‍ വഴി നീരവ് മോദി ബാങ്ക് ഗ്യാരന്‍റി രേഖകള്‍ സ്വന്തമാക്കി. പിന്നീട് ഇത് മറ്റ് ബാങ്കുകളില്‍ ഈട് നല്‍കി ഭീമമായ തുക ഇയാള്‍ ലോണ്‍ തരപ്പെടുത്തുകയായിരുന്നു.

നിലവില്‍ 280 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇയാള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ പത്ത് ജീവനക്കാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ എല്ലാ ബാങ്കുകളോടും നിലവിലെ സ്ഥിതി വിവര കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു.എന്നാല്‍ ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ആവശ്യമായ പണം ബാങ്കിന്‍റെ പക്കലുണ്ടെന്നും ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നു. തിരിമറിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഹരികള്‍ക്ക് ആറ് ശതമാനം ഇടിവുണ്ടായി.