തക്കാളിയുടെ വിലക്കയറ്റത്തിനെതിരെ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നോവിൽ ‘സ്റ്റേറ്റ് ബാങ്ക് ഒാഫ് ടൊമാറ്റോ’ തുറന്ന് കോൺഗ്രസിൻ്റെ പ്രതീകാത്മക പ്രതിഷേധം. പ്രധാന നഗരങ്ങളിൽ എല്ലാം തക്കാളിയുടെ വില വാണം പോലെ കുതിച്ചുകയറുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. കൊൽകൊത്തയിൽ കിലോക്ക് 95ഉം ഡൽഹിയിൽ 92ഉം മുംബൈയിൽ 80ഉം ചെന്നൈയിൽ 55ഉം രൂപയാണ് തക്കാളിയുടെ വില.
ടൊമാറ്റോ ബാങ്ക് ഒട്ടേറെ ആകർഷകമകായ ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 'ടൊമാടോ ബാങ്കിൽ അരക്കിലോ തക്കാളി നിക്ഷേപിച്ചെന്നും ആറ് മാസം കഴിയുമ്പോൾ ഒരു കിലോ തക്കാളി ലഭിക്കുമെന്നുമാണ് ‘ബാങ്കിൽ’ എത്തിയ 103 വയസ് പ്രായമുള്ള ശ്രീകൃഷ്ണ വർമ ഹാസ്യാത്മകമായി പറഞ്ഞത്. തക്കാളി നിക്ഷേപിക്കുന്നവർക്ക് ആറ് മാസം കൊണ്ട് അഞ്ചിരട്ടി റിട്ടേൺ ആണ് ഒരു ഒാഫർ.
തക്കാളിക്ക് ലോക്കർ സൗകര്യം, തക്കാളി പണയത്തിൽ 80 ശതമാനം വായ്പ, പാവപ്പെട്ടവരുടെ തക്കാളി നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്ക് തുടങ്ങിയവയാണ് ഒാഫറുകൾ. ഒരു ബാങ്കിൻ്റെ ഹാസ്യാനുകരണം തന്നെയാണ് കോണ്‍ഗ്രസിന്റെ ഈ തക്കാളി ബാങ്ക്. മഴയിൽ പച്ചക്കറി കൃഷിയിൽ വൻ ഇടിവുകൂടി ഉണ്ടായതോടെ വില പിന്നെയും കുതിച്ചുകയറുകയായിരുന്നു
