വെള്ളിയാഴ്ച ശിവരാത്രിയാണ്. തൊട്ടടുത്ത ദിവസം നാലം ശനിയും അതിന് ശേഷം ഞായറാഴ്ചയുമാണ്. ഇന്ന് കഴിഞ്ഞാല്‍ പിന്നെ ബാങ്ക് ഇടപാടുകള്‍ക്ക് മൂന്ന് ദിവസം കാത്തിരിക്കണം. തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കുമെങ്കിലും ചൊവ്വാഴ്ച വീണ്ടും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അന്ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ്. ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. തുടര്‍ച്ചായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ മിക്കവാറും എ.ടി.എമ്മുകള്‍ കാലിയാവാനും സാധ്യതയുണ്ട്. 

നേരത്തെ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നപ്പോള്‍ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ പണം നിറച്ചിരുന്നു. ഇതിന് പകരം ഇത്തവണ രണ്ടായിരം രൂപാ നോട്ടുകള്‍ എടിഎമ്മില്‍ നിറയ്ക്കാനാണ് ബാങ്കുകളുടെ തീരുമാനം. നിലവില്‍ 10,000 രൂപയാണ് ഒരു ദിവസം എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. 2000 രൂപാ നോട്ടുകള്‍ നിറച്ചാല്‍ അത്ര പെട്ടെന്ന് എ.ടി.എമ്മുകള്‍ കാലിയാവില്ലെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. മാസാവസാനത്തില്‍ തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നത് സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളവും വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.