ഓണക്കാലത്ത് കേരളത്തിലെത്തിക്കാന്‍ തങ്ങളുടെ പൂപ്പാടങ്ങളില്‍ കൃഷിയിറക്കിയ തമിഴ്‌നാട്ടുകാരുടെ സ്വപ്നങ്ങളെക്കൂടിയാണ് പ്രളയം കടപുഴക്കിയത്

തോവാളയില്‍ നിന്ന് അനവധി ഫോണ്‍ വിളികളാണ് ദിവസവും കേരളത്തിലെ വ്യാപാരികളെ തേടിയെത്തുന്നത്. തോവാളയില്‍ നിന്ന് വിളിക്കുന്ന ഇടനിലക്കാന്‍ കുറഞ്ഞ വിലയാണ് പറയുന്നതെങ്കിലും വില്‍പ്പന നടക്കാത്തതിനാല്‍ കേരളത്തിലെ വ്യാപാരികള്‍ വലിയതോതില്‍ പൂവ് വാങ്ങാന്‍ മടികാണിക്കുകയാണ്.

'ഓണം നിങ്ങളുടേതാവാം, പക്ഷേ നിങ്ങളുടെ ഓണക്കാലം ഞങ്ങളുടേതാണ്. അതാണ് ഒരു വര്‍ഷം മുഴുവന്‍ ഞങ്ങളുടെ വിശപ്പ് അകറ്റുന്നത്'-പറയുന്നത് ധര്‍മ്മ പെരുമാള്‍ പിളള. തമിഴ്‌നാട്ടിലെ തോവാളയില്‍ പൂക്കച്ചവടക്കാരന്‍. പ്രളയകാലത്തെ ഓണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഈ മറുപടി. കേരളത്തിനെ മുക്കിക്കളഞ്ഞ പ്രളയമഴ തകര്‍ത്തെറിഞ്ഞത് സംസ്ഥാനത്തെ മാത്രമായിരുന്നില്ല, തങ്ങള്‍ തമിഴ്‌നാട്ടുകാരെ കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഓണക്കാലത്ത് കേരളത്തിലെത്തിക്കാന്‍ തങ്ങളുടെ പൂപ്പാടങ്ങളില്‍ കൃഷിയിറക്കിയ തമിഴ്‌നാട്ടുകാരുടെ സ്വപ്നങ്ങളെക്കൂടിയാണ് പ്രളയം കടപുഴക്കിയത്.

ബിസിനസിനെ ഇത്രയും ബാധിച്ചൊരു ഓണക്കാലം ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് 25 വര്‍ഷത്തിലേറെയായി തോവാളയില്‍ പൂക്കച്ചവടം നടത്തുന്ന പെരുമാള്‍ പിളള പറയുന്നു. തോവാളയില്‍ നിന്ന് കേരളത്തിലേക്ക് പൂവ് കൊണ്ട് പോകുന്ന ലോറികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കേരളത്തില്‍നിന്നും സ്വകാര്യ വാഹനങ്ങളിലെത്തി വില പോലും നോക്കാതെ പൂക്കൂടകള്‍ വാങ്ങി മടങ്ങുന്നവരാരും ഇക്കുറി തോവാളയില്‍ എത്തിയില്ല. 

തോവാള വറുതിയിലേക്ക്

അത്തത്തിന്റെ തലേന്ന് മുതല്‍ ഉത്രാടനാള്‍ രാവിലെ വരെയാണ് തോവാളയില്‍ ഓണക്കച്ചവടം പൊടിപൊടിക്കുന്നത്. പ്രളയം കാര്യങ്ങളെല്ലാം തകിടം മറിച്ചു. കേരളത്തില്‍ നിന്നുളള വ്യാപാരികള്‍ പൂ വാങ്ങല്‍ വെട്ടിക്കുറച്ചു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ അത്തപ്പൂക്കളങ്ങളില്ലാത്ത ഓണക്കാലമാണ് ഇപ്പോഴത്തേത്. 

'കേരളത്തില്‍ മഴ ശക്തിപ്പെടുന്ന വാര്‍ത്തകള്‍ ഞങ്ങളില്‍ ആദ്യമേ ആശങ്കകളുയര്‍ത്തിയിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് പൂ നുളളാതിരിക്കാന്‍ കഴിയില്ലല്ലോ? നുളളിയില്ലെങ്കില്‍ ഞങ്ങളുടെ ചെടികളെല്ലാം നശിക്കും. എന്നാല്‍, കേരളത്തില്‍ നിന്ന് ആവശ്യക്കാരില്ലാതായതോടെ പൂവ് വെറുതെ വാരിക്കൊടുക്കേണ്ട അവസ്ഥയിലാണ് ഞങ്ങള്‍'-പെരുമാള്‍ പിളള പറയുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് നല്ല വിളവ് കിട്ടിയ വര്‍ഷമാണിത്. ഈ വര്‍ഷം കൂടുതല്‍ മഴ ലഭിച്ചു. ഓണക്കാലം കഴിയുന്നതോടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. 

'ഇവിടുത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും ലോണെടുത്താണ് കൃഷി നടത്തുന്നത്. മോട്ടോറുകള്‍ വാടകയ്‌ക്കെടുക്കുക, ഇന്ധനം വാങ്ങുക, പൂ നുള്ളാനെത്തുന്നവര്‍ക്കുളള കൂലികൊടുക്കുക തുടങ്ങിയവയ്ക്കും കര്‍ഷകര്‍ കടം വാങ്ങിയിട്ടുണ്ട്. ഇനി എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയിലാണ് കര്‍ഷകര്‍'- പെരുമാള്‍ പിള്ള ആശങ്കകള്‍ പങ്കുവച്ചു. 

ഈ ഓണക്കാലത്തോടെ കിലോയ്ക്ക് 800 രൂപയിലേക്ക് വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്ന മുല്ലപ്പൂവിന് കുറെ ദിവസങ്ങളായി 320 നും 350 നും ഇടയിലാണ് തോവാളയിലെ വില. കിലോയ്ക്ക് 500 വരെ പ്രതീക്ഷിച്ചിരുന്ന പിച്ചിക്ക് വില 300 ന് അടുത്ത് മാത്രം. അരളിയ്ക്ക് കിലോയ്ക്ക് 220 രൂപയും.

പൂപ്പാടങ്ങളില്‍ സംഭവിക്കുന്നത് 

10 വര്‍ഷത്തിനിടെ തോവാളയുടെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ പൂ കൃഷി കുറഞ്ഞിരുന്നു. വരുമാനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് കാറ്റാടിക്കഴകള്‍ സ്ഥാപിക്കാന്‍ പാടങ്ങള്‍ വിട്ടുകൊടുക്കേണ്ടി വന്നതാണ് കൃഷി കുറയാന്‍ കാരണം. 

സെന്റിന് 5,000 രൂപയാണ് കാറ്റാടിക്കഴകള്‍ സ്ഥാപിക്കാനായി കമ്പനികള്‍ നല്‍കുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനായി 15 വര്‍ഷത്തേക്കാണ് കമ്പനികള്‍ പൂപ്പാടങ്ങള്‍ ഏറ്റെടുക്കുന്നത്. എപ്പോഴെങ്കിലും സ്ഥലം തിരിച്ച് ആവശ്യപ്പെട്ടാല്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. തൊഴിലാളി ക്ഷാമമാണ് മറ്റൊരു പ്രധാന പ്രശ്‌നം. പൂ നുളളാന്‍ പണ്ടത്തെപ്പോലെ ആളുകളെ കിട്ടുന്നില്ല. കൂലി വര്‍ദ്ധിച്ചതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. 

തോവാളയുടെ മാറ്റത്തെക്കുറിച്ച് പൂക്കര്‍ഷകനായ കൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: കാറ്റാടിപ്പാടങ്ങളുടെ കടന്ന് വരവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായുളള സ്ഥലം ഏറ്റെടുപ്പും കാലാവസ്ഥാ വ്യതിയാനം മൂലവും 10 വര്‍ഷം കൊണ്ട് 30 ശതമാനത്തോളം പൂപ്പാടങ്ങള്‍ അപ്രത്യക്ഷമായി'. പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന തോതില്‍ ഇവിടെത്ത പൂപ്പാടങ്ങള്‍ ഇല്ലാതാവുന്നതായാണ് വ്യാപാരികളുടെ അഭിപ്രായം

കേരളത്തിലെ വ്യാപാരികള്‍ക്ക് പറയാനുളളത്

'പ്രളയം വന്നതോടെ അത്തപ്പൂക്കളം മത്സരങ്ങളൊന്നും നടക്കാതായി. സ്‌കൂളുകളും കോളേജുകളും വളരെ നേരത്തെ അടച്ചതും പൂ വാങ്ങാന്‍ ആളില്ലാതാക്കി. സാധാരണ ഓണക്കാലത്ത് ചാല മാര്‍ക്കറ്റിലെ ഒരു വ്യാപാരി പ്രതിദിനം 35,000 മുതല്‍ ഒരു ലക്ഷം രൂപയുടെ പൂക്കള്‍ ശരാശരി വില്‍ക്കും. എന്നാല്‍, സാധാരണ ദിവസങ്ങളിലെ വില്‍പ്പന പോലും ഇപ്പോള്‍ നടക്കുന്നില്ല. ദിവസവും ശരാശരി 5,000 രൂപയുടെ പൂ മാത്രമാണ് വില്‍ക്കുന്നത്. സ്ഥിരം ആവശ്യക്കാര്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ പൂക്കളെടുക്കുന്നൊള്ളു'- പ്രളയം എങ്ങനെയാണ് പൂ വില്‍പ്പനയെ തകര്‍ത്തതെന്ന് ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍ വിശദീകരിക്കുന്നു. 

തോവാളയില്‍ നിന്ന് അനവധി ഫോണ്‍ വിളികളാണ് ദിവസവും കേരളത്തിലെ വ്യാപാരികളെ തേടിയെത്തുന്നത്. തോവാളയില്‍ നിന്ന് വിളിക്കുന്ന ഇടനിലക്കാർ കുറഞ്ഞ വിലയാണ് പറയുന്നതെങ്കിലും വില്‍പ്പന നടക്കാത്തതിനാല്‍ കേരളത്തിലെ വ്യാപാരികള്‍ വലിയതോതില്‍ പൂവ് വാങ്ങാന്‍ മടികാണിക്കുകയാണ്.

എന്തു കൊണ്ടാണ് കേരളവും തോവാളയും തമ്മില്‍ ഇത്ര സജീവമായ പൂക്കച്ചവട ബന്ധമുണ്ടായത്? അതിനുത്തരം ചാല മാര്‍ക്കറ്റിലെ പൂവ് വ്യാപാരിയായ ഉണ്ണി പറയുന്നു: 'ബാംഗ്ലൂരില്‍ നിന്ന് പൂവിന്റെ ഒരു ബാഗ് ദക്ഷിണ കേരളത്തിലെ നഗരങ്ങളിലോ ഗ്രാമങ്ങളിലോ എത്തിക്കാന്‍ 200 രൂപ വരെ നല്‍കേണ്ടി വരും അതേസമയം, തോവാളയില്‍ നിന്ന് ഒരു ബാഗ് പൂവ് കേരളത്തിലെത്തിക്കാന്‍ 60 രൂപ മതി'

'ഗുണമേന്മയുളള പൂക്കളാണ് തോവാളയിലേത്. തിരുവനന്തപുരത്ത് നിന്നും 83 കിലോ മീറ്റര്‍ മാത്രമേ തോവാളയ്ക്ക് ദൂരമോള്ളൂ, ഒരുപാട് ആത്മാര്‍ത്ഥ സൗഹൃദങ്ങളും എനിക്ക് തോവാളയിലുണ്ട്- ഉണ്ണി കൂട്ടിച്ചേർത്തു. 

തോവാളയിലെ കര്‍ഷകരുടെ അവസ്ഥ നന്നായി മനസ്സിലാക്കുന്നതായി കേരളത്തിലെ വ്യാപാരികളും അസോസിയേഷനുകളും സമ്മതിക്കുന്നു. പക്ഷേ കേരളത്തിന്റെ മാര്‍ക്കറ്റ് പ്രളയക്കെടുതികളില്‍ വാടി നില്‍ക്കേ തോവാളപ്പൂക്കള്‍ വലിയ തോതില്‍ എടുക്കാന്‍ ഇവിടുത്തെ വ്യാപാരികള്‍ക്ക് ഭയമാണ്.