മുംബൈ: കഴിഞ്ഞ മൂന്ന് ദിവസമായി രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പാണ് വിനിമയ വിപണിയില്‍ രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യത്തില്‍ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.05 എന്ന ഉയര്‍ന്ന നിലയിലാണ്. 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നതാണ് ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ പ്രധാന കാരണം. ബാരലിന് 56.66 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 14 മാസത്തെ ഏറ്റവും താഴ്ന്ന ക്രൂഡ് ഓയില്‍ നിരക്കാണിത്. 

വിദേശ നാണ്യ വരവ് കൂടിയതും, കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കുന്നതും, പുതിയ യുഎസ് ഫെഡറല്‍ റിസര്‍വ് നയവുമാണ് ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ സഹായിച്ച മറ്റ്   പ്രധാന ഘടകങ്ങള്‍. ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലാണ്.