രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 79 ഡോളര്‍ എന്ന നിലയില്‍

രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 79 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇറാനില്‍ നിന്നുളള എണ്ണ വാങ്ങുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് യുഎസ് നിരന്തരം ആവശ്യപ്പെടുന്നതാണ് ക്രൂഡിനെ കിട്ടാക്കനിയാക്കുന്നത്. സൗദിയും റഷ്യയുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഉല്‍പ്പാദനം ഉയര്‍ത്തണമെന്നും യുഎസ് നിര്‍ദ്ദേശിച്ചു. 

ഇതിനിടയില്‍ ഒപെകും റഷ്യയും തമ്മില്‍ ഡിസംബറില്‍ പുതിയ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുമെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്സാണ്ടര്‍ നൊവെക് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര രംഗത്ത് അല്പം ആശ്വാസം നല്‍കുന്നുണ്ട്.

ഒപെക്കും റഷ്യയുള്‍പ്പെടെയുളള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും 2017 ജനുവരിയില്‍ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ നടപ്പാക്കിയിരുന്നു. ഇതെ തുടര്‍ന്ന് എണ്ണവില 40 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ഉല്‍പ്പാദനത്തില്‍ അവര്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ക്രൂഡ് വിലയെ തോതില്‍ നിയന്ത്രിക്കാന്‍ അവ പര്യാപ്തമാകുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് രാജ്യത്ത് എണ്ണവില ഉയരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.