മുംബൈ: മിനിമം ബാലന്‍സും വിവിധ ഇടപാടുകള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രതിഷേധമാണ് ബാങ്കിനെതിരെ ഉയരുന്നത്. ഇതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്.

ആദ്യഘട്ടമായി ഏപ്രില്‍ ആറിന് ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ പരമാവധി കുറയ്ക്കാനാണ്ആഹ്വാനം. സര്‍വ്വീസ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനോ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനോ ബാങ്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ഘട്ടമായി ഏപ്രില്‍ 24നും ഏപ്രില്‍ 26നും ഇടപാടുകള്‍ ഒന്നും നടത്തരുതെന്നുമാണ് ആവശ്യം. ഏപ്രില്‍ ആറിന് കേരളത്തില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പുറമേ മൊബൈല്‍ ബാങ്കിങ്, മൊബൈല്‍ വാലറ്റുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴിയുള്ള ഇടപാടുകളില്‍ നിന്നും വിട്ടുനിന്നുള്ള പ്രതിഷേധമാണ് ഉപഭോക്താക്കള്‍ നടത്തുന്നത്. ബാങ്കുകള്‍ വഴി ശമ്പളം വാങ്ങുന്നവര്‍ പരമാവധി പണം ഒറ്റത്തവണയായി പിന്‍വലിച്ച്അല്‍പം ബുദ്ധിമുട്ടിയാലും കൈയ്യില്‍ വെച്ച് തന്നെ ഉപയോഗിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനുമുണ്ട്.