മുംബൈ: ടാറ്റ സണ്‍സ് ബോര്‍ഡിനെതിരെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കോടതിയെ സമീപിച്ചു. കേന്ദ്ര കമ്പനികാര്യ നിയമ ട്രൈബ്യൂണലിലാണ് മിസ്ത്രി പരാതി നല്‍കിയിരിക്കുന്നത്. ടാറ്റ സണ്‍സ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നടപടിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ നടപടി വേണമെന്നാണ് ആവശ്യം. ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ കമ്പനികളില്‍ നിന്നും സൈറസ് മിസ്ത്രി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ടാറ്റ സണ്‍സ് ബോര്‍ഡിനെതിരെ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. മിസ്ത്രി നല്‍കിയ പരാതി കേന്ദ്ര കമ്പനികാര്യ നിയമട്രൈബ്യൂണല്‍ വ്യാഴാഴ്ച പരിഗണിച്ചേക്കും.