അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ ഗ്രൂപ്പിനേയും കരാറില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ നേട്ടം

ദില്ലി: ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച ദില്ലിയിലെ ചെങ്കോട്ടയുടെ സംരക്ഷണ നിയന്ത്രണാവകാശമാണ് ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ ഗ്രൂപ്പിനേയും കരാറില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ നേട്ടം. 25 കോടി രൂപയ്ക്കാണ് കൈമാറ്റം. 

17ാം നൂറ്റാണ്ടിലാണ് ഷാജഹാന്‍ ചെങ്കോട്ട നിര്‍മിക്കുന്നത്. ആഗ്രയില്‍ നിന്ന് ദില്ലിയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിനനുബന്ധിച്ചാണ് ചെങ്കോട്ട നിര്‍മിക്കുന്നത്. സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ നടപടികള്‍ക്കായി ജൂലൈയില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് വിവരം.

ഡാല്‍മിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മേയ് 23 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടൂറിസ്റ്റുകളെ മാത്രമല്ല സാധാരണക്കാരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാവും ചെങ്കോട്ടയില്‍ ചെയ്യുകയെന്ന് ഡാല്‍മിയ ഗ്രൂപ്പ് വിശദമാക്കി. സ്വാതന്ത്രദിനത്തില്‍ പ്രത്യേക രീതിയിലുള്ള ദീപാലങ്കാരമാകും ചെങ്കോട്ടയെ മനോഹരമാക്കുകയെന്ന് ഡാല്‍മിയ ഗ്രൂപ്പ് വിശദമാക്കി. 
ഡാല്‍മിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയവുമാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കാംഗ്ര കോട്ട, ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട, മുംബൈയിലെ ബുദ്ധിസ്റ്റ് കനേരി ഗുഹകള്‍, ആന്ധ്ര പ്രദേശിലെ ചിറ്റ്കൂല്‍ ഗ്രാമം, അരുണാചല്‍ പ്രദേശിലെ തെംബാംഗ്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള സതി ഘട്ട് എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.