ദില്ലി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നതിനിടെ സേനാവിഭാഗങ്ങള്‍ക്ക് അടിയന്തരമായി 16,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രി അധ്യക്ഷയായ പ്രതിരോധഉപസമിതി അനുമതി നല്‍കി.
പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഉന്നതാധികാരസമിതി യോഗമാണ് ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15,935 കോടിയുടെ തോക്കുകളും മറ്റു ആയുധങ്ങളും അടിയന്തരമായി വാങ്ങാന്‍ അനുമതി നല്‍കിയത്.
മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി 7.40 ലക്ഷം റൈഫിളുകള്‍ വാങ്ങുവാന്‍ 12,280 കോടി രൂപ സമിതി അനുവദിച്ചിട്ടുണ്ട്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡും സ്വകാര്യ നിര്‍മാതക്കളും ചേര്‍ന്നാവും സൈനികര്‍ക്കാവശ്യമായ ഇത്രയും റൈഫിളുകള്‍ നിര്‍മ്മിച്ചു നല്‍കുക.
അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന മൂന്ന് സേനാവിഭാഗങ്ങളിലേയും സൈനികര്‍ക്കായി 1819 കോടി രൂപയ്ക്ക് ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ വാങ്ങാനും കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 982 കോടി ചിലവിട്ട് 5719 സ്‌നിപ്പര്‍ ഗണ്ണുകള്‍ വാങ്ങാനും യോഗം അനുവാദം നല്‍കിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള ഈ സ്‌നിപ്പര്‍ ഗണ്ണുകള്‍ ആഗോള ടെന്‍ഡര്‍ വഴിയാവും വാങ്ങുകയെങ്കിലും ഇവയില്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകള്‍ ആദ്യം പുറത്തു നിന്ന് വാങ്ങുകയും പിന്നീട് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയും ചെയ്യുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അന്തര്‍വാഹിനികളുടെ പ്രഹരശേഷി വര്‍ധിപ്പിക്കാനായി അത്യാധുനിക ടോര്‍പ്പിഡോ മിസൈലുകള്‍ വാങ്ങാന്‍ നാവികസേനയ്ക്കും പ്രതിരോധസമിതി അനുമതി നല്‍കിയിട്ടുണ്ട്.
