ദില്ലി: നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി യാതൊരു മുന്നറിയിപ്പുമില്ലാതെ കുറച്ചത് എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും വിശദീകരിക്കണമെന്ന് സുപ്രീം കോടതി. നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നവംബര്‍ എട്ടിന് നടത്തിയ പ്രഖ്യാപനത്തില്‍, ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അവസരമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും ഇത് പെട്ടെന്ന് വെട്ടിക്കുറച്ചതിന്റെ കാരണം വിശദീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഡിസംബര്‍ 30 വരെ നോട്ടുകള്‍ എല്ലാ ബാങ്കുകളിലും നിക്ഷേപിക്കാമെന്നും അതിന് ശേഷവും നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് മതിയായ കാരണം ചൂണ്ടിക്കാട്ടി മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കാമെന്നും ആദ്യം കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. മറ്റ് പ്രദേശങ്ങളില്‍ നിയുക്തരായിരുന്ന സൈനികര്‍ അടക്കമുള്ളവര്‍ ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന ധാരണയിലായിരുന്നെന്ന് ഹര്‍ജികള്‍ പറയുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെ പോലും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അവസരം നല്‍കിയില്ല. പല തവണയായി നിയന്ത്രങ്ങള്‍ കൊണ്ടുവന്നു. പിന്നീട് ഡിസംബര്‍ 30ന് ശേഷം റിസര്‍വ് ബാങ്ക് ശാഖകളില്‍ പണം മാറ്റി വാങ്ങാനുള്ള അവസരം, നോട്ട് നിരോധന സമയത്ത് രാജ്യത്ത് ഇല്ലാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും പൗരന്മാരുടെ വിശ്വാസത്തെ വഞ്ചിക്കുകയായിരുന്നെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. വരുന്ന വെള്ളിയാഴ്ച കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.