രാജ്യത്തെ സമാന്തര സമ്പദ് വ്യവസ്ഥയെ തകർക്കാമെന്നുളള മോദി സർക്കാരിന്‍റെ കണക്കുകൂട്ടലിനാണ് നോട്ട് അസാധുവാക്കലിലൂടെ തിരിച്ചടിയേറ്റത്. കളളപ്പണം സൂക്ഷിക്കുന്നത് കറൻസിയുടെ രൂപത്തിലാണെന്ന തെറ്റിദ്ധാരണയാണ് മുഖ്യപരാജയ കാരണമെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു. 

കളളപ്പണം, ഹവാല, കളളനോട്ട് തുടങ്ങി കണക്കിൽപ്പെടാതെ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന എന്തുസമ്പത്തും സമാന്തര സമ്പദ്ഘടനയുടെ ഭാഗമാണ്. രാജ്യത്തെ യഥാർഥ സമ്പദ് വ്യവസ്ഥയുടെ 30 മുതൽ 40 ശതമാനത്തിനത്രയും തന്നെ സമാന്തര സമ്പത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത് ജിഡിപിയുടെ 62 ശതമാനം വരെ വരുമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും രാജ്യത്തുണ്ട്. 500, 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ട് പിൻവലിച്ചതോടെ പൂഴ്ത്തിവച്ചിരുക്കുന്ന കളളപ്പണമത്രയും ഇല്ലാതാക്കാമെന്നായിരുന്നു മോ‍ഡി സർക്കാരിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഇവിടെയാണ് പിഴച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 

ഭൂമി, കെട്ടിടങ്ങൾ, വിദേശ രഹസ്യ നിക്ഷേപങ്ങൾ, സ്വർണം, വിദേശ ഹവാല ഇടപാട് തുടങ്ങി കളളപ്പണമൊളിപ്പിക്കാനുളള വഴികൾ സമാന്തര വ്യവസ്ഥ ഓരോ ദിവസവും തേടുന്നിടത്താണ് കേന്ദ്ര സ‍ർക്കാരിന്‍റെ കണക്കുകൂട്ടലുകൾ പിഴച്ചത്. മൊത്തം കളളപ്പണത്തിന്‍റെ ഒരു ശതമാനം പോലും കറൻസിയായി സൂക്ഷിക്കുന്നില്ലെന്നാണ് കണക്ക്. നോട്ടു നിരോധനത്തിലൂടെ കളളനോട്ട് അടക്കമുളള കളളപ്പണം പിടികൂടാനുളള പൊളിഞ്ഞത് അങ്ങനെയാണ് 

നോട്ട് നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയെ പിടികൂടാനുളള തുടക്കാമായിട്ട് കേന്ദ്ര സ‍ർക്കാർ കാണേണ്ടിയിരുന്നു. ഓരോ വ്യക്തിയും രാജ്യത്തിനകത്തും പുറത്തും നിയപരമായും ആല്ലാതെയും സമ്പാദിക്കുന്ന സ്വത്തുക്കളുടെ കണക്കുകൾ പരിശോധിക്കാനുളള സംവിധാനവും നിയമനിർമാണവുമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.