ബിസ്നസ് പുരോഗതി നേടാന്‍ മികച്ച വഴി ക്ഷീരോല്‍പാദന മേഖലയിലേക്ക് കടക്കുകയെന്നതാണ്

ലോകത്തെ ഏറ്റവും ശക്തമായ പാല്‍ ഉല്‍പ്പാദന രാജ്യമേതെന്ന് ആരെങ്കിലും ചോദിച്ചാല്‍ രണ്ടിലൊന്ന് ആലോചിക്കാതെ മറുപടിയായി ഇന്ത്യയുടെ പേര് പറയാം. 300 മില്യണ്‍ എരുമകളും പശുക്കളും സ്വന്തമായുളള രാജ്യമാണ് ഇന്ത്യ. അവയിലൂടെ വാര്‍ഷികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് 165 മില്യണ്‍ മെട്രിക് ടണ്‍ പാലും. എന്നാല്‍ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഈ മേഖലയില്‍ ഇന്നും കുറവാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ കര്‍ഷക കുടുംബങ്ങളുടെ കൈവശമാണ് ഈ വ്യവസായ മേഖലയുടെ സിംഹഭാഗമിപ്പോഴും. 

ഇന്ത്യയിലെ ഡ‍യറി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ഗവേഷണങ്ങളുടെ ഫലമായി സങ്കേതികമായി ഇന്ത്യന്‍ ക്ഷീരോല്‍പാദനം മേഖല ആധൂനികത കൈവരിച്ച രാജ്യമാണ്. എന്നാല്‍, ഇത്തരം സാങ്കേതിക വിദ്യയുടെ സഹായഹസ്തങ്ങള്‍ ഇന്നും ഇന്ത്യന്‍ ക്ഷീര കര്‍ഷകന്‍റെ പക്കലെത്തുന്നില്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാല്‍ ഉല്‍പ്പാദന രാജ്യം യുഎസ്സാണ്. ഡയറി ടെക്നോളജിയുടെ സാധ്യതകളെ നല്ല രീതിയില്‍ ഉപയോഗിക്കുന്നവരാണ് അമേരിക്കന്‍ ക്ഷീരോല്‍പാദന മേഖല. ശരാശരി 150 പശുക്കാളാണ് അമേരിക്കയിലെ ഒരു ഡയറി ഫാമിലുളളത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ഫാമുകളെക്കാള്‍ കൂടുതല്‍ വീട്ടിനോട് ചേര്‍ന്നുളള തൊഴുത്തുകളില്‍ വളര്‍ത്തുന്ന രണ്ടോ മൂന്നോ പശുക്കളോ എരുമകളോ മാത്രമുളള സൂഷ്മ യൂണിറ്റുകളാണ്. അതിനാല്‍ യുഎസ്സിലെപ്പോലെയുളള മാര്‍ക്കറ്റിംഗ് സങ്കേതങ്ങളോ സാങ്കേതിക ഉപകരണങ്ങളോ ഇന്ത്യയില്‍ വേണ്ട രീതിയില്‍ വ്യാപിക്കുന്നില്ല.

2016 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുഎസ്സിന്‍റെ ക്ഷീരോല്‍പ്പാദനം 96.3 മില്യണ്‍ മെട്രിക് ടണ്‍ മാത്രമാണ്. എന്നാല്‍ യുഎസ്സിന്‍റെ ഇരട്ടിലധികം കന്നുകാലി സമ്പത്തുളള ഇന്ത്യയ്ക്ക് ഡയറി ടെക്നോളജിയുടെ സങ്കേതങ്ങള്‍ കൂടി ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഉപയോഗിക്കാനായാല്‍ ഉല്‍പ്പാദത്തില്‍ ഇനിയും ഉയര്‍ച്ചയുണ്ടാവും. 

ഇന്ത്യന്‍ ക്ഷീര വികസന മേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി മാര്‍ക്കറ്റിങാണ്. ക്ഷീര ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് റോഡ് വക്കിലുളള കടകളിലും മറ്റും കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുകയാണ്. ഇന്ത്യന്‍ ക്ഷീര വ്യവസായത്തില്‍ കര്‍ഷകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഇടയില്‍ വില്‍പ്പനയില്‍ ഇടപെടുന്ന ഇടനിലക്കാര്‍ കര്‍ഷകരിലേക്കെത്തുന്ന വരുമാനത്തില്‍ കുറവ് വരുത്തുന്നത് ക്ഷീര മേഖലയിലെ സൂപ്പര്‍ പവറായ ഇന്ത്യയിലെ പല കര്‍ഷകരെയും മേഖല ഉപേക്ഷിച്ച് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരം ഇടനിലക്കാര്‍ പാല്‍ ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന മായം ഇന്ത്യന്‍ ക്ഷീരോല്‍പ്പന്നങ്ങളുടെ ഗുണമേന്മയെ വലിയ തോതിലാണ് തകര്‍ക്കുന്നത്. 

1970 ല്‍ 20.8 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്ന ക്ഷീരോല്‍പാദനം 2016 ല്‍ 165.4 മില്യണ്‍ മെട്രിക് ടണ്ണിലെത്തിയത് വലിയ നേട്ടമാണെങ്കിലും മാര്‍ക്കറ്റിംങിലും ഗ്രാമീണ മേഖലയില്‍ ഡയറി ടെക്നോളജിയുടെ ലഭ്യതയിലുണ്ടാവുന്ന അഭാവവും ഇന്നും ക്ഷീരോല്‍പാദന മേഖലയുടെ കുതിപ്പിന് തടസ്സം നില്‍ക്കുന്നുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ട് പോയാല്‍ ഏറ്റവും വരുമാനം ലഭിക്കുന്ന ബിസിനസ് മേഖലയാണ് ക്ഷീര ഉല്‍പ്പാദനം. കൂടുതല്‍ സംരംഭകര്‍ ഈ മേഖലയിലേക്ക് എത്തുകയും, മാര്‍ക്കറ്റിങ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രവണതകളില്‍ മാറ്റം വരുകയും ചെയ്താല്‍ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പാക്കാനും ബിസിനസ് പുരോഗതി കൈവരിക്കാനും കഴിയുന്ന ഏറ്റവും മികച്ച സംരംഭക ആശയം ക്ഷീരോല്‍പാദന മേഖലയിലേക്ക് കടക്കുകയെന്നതാണ്.