ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റി നിരവധി ചര്‍ച്ചകള്‍ നടക്കുന്നതിനിടക്കാണ് ഇത്തരമൊരു തീരുമാനം.

പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഉഡായി നിര്‍ത്തലാക്കി. ഇനി ഡിജിറ്റല്‍ വാലറ്റ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് തടസങ്ങള്‍ നേരിടും. 

ആധാര്‍ ഉപ്രയോഗിച്ചു ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനു ഉഡായി (യുണീക് ഐഡന്റിഫിക്കേഷന്‍ അഥോരിറ്റി ഓഫ് ഇന്ത്യ) നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു. ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ്, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റി നിരവധി ചര്‍ച്ചകള്‍ നടക്കുന്നതിനിടക്കാണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ഒത്തു നോക്കാന്‍ പ്രൈവറ്റ് ഫിനാന്‍സ് മേഖലയിലുള്ള കമ്പനികള്‍ക്കു സാധിക്കുന്നുണ്ടായിരുന്നില്ല. 

എന്നാല്‍ ഇത് സംബന്ധിച്ച് ഉഡായി പ്രത്യേക അറിയിപ്പൊന്നും ഇറക്കിയിരുന്നില്ല. ആധാര്‍ വിവരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഉഡായി പുതിയ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. 

പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി ഐഡിഎഫ്‌വൈ സ്ഥാപകന്‍ അശോക് ഹരിഹരന്‍ പറഞ്ഞു. പ്രൈവറ്റ് കമ്പനികള്‍ക്കു ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇടനില കമ്പനിയായ ഖോസ്‌ല ലാബിന്റെ സബ് ഏജന്‍സി ആണ് ഐഡിഎഫ്‌വൈ. ആധാറിന്റെ സുരക്ഷയെപ്പറ്റിയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം എന്നും അശോക് ഹരിഹരന്‍ പറഞ്ഞു. 

പേടിഎം, പേയു മണി, മോബിക്വിക്ക് പോലുള്ള പ്രൈവറ്റ് തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളുടെ പ്രവര്‍ത്തനത്തെയും പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പോലുള്ള പ്രൈവറ്റ് അണ്‍റെഗുലേറ്റഡ് കമ്പനികളെയും ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിങ് കമ്പനികളെയുമാണ് ഈ നിരോധനം സാരമായി ബാധിക്കുക. ഉപഭോക്താവിന് തങ്ങളുടെ ഡിജിറ്റല്‍ വാലറ്റ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഇനി തടസങ്ങള്‍ നേരിടും.