Asianet News MalayalamAsianet News Malayalam

കാളാഞ്ചിയെയും കരിമീനെയും മാത്രമല്ല അവരുടെ സ്വപ്നങ്ങളെ കൂടിയാണ് മഹാപ്രളയം കൊണ്ടുപോയത്

മഹാമാരിയില്‍ പുഴയിലൂടെയും, കായലിലൂടെയും ഒഴുകി വന്ന മരവും, ചേറും കൂടെല്ലാം തകർത്ത് ഒഴുക്കി കളഞ്ഞു.

disaster destroyed cage fisheries in kochi
Author
Kochi, First Published Sep 4, 2018, 3:40 PM IST

കൊച്ചി: കാളാഞ്ചിയും കരിമീനും ഏറെ വില്‍പ്പന നടക്കുന്ന സമയമാണ് ബലി പെരുന്നാളും, ക്രിസ്മസും. ആവശ്യക്കാർ ഏറെയുള്ള ഈ ഉത്സവ സീസണ്‍ മുന്നിൽ കണ്ട് കർഷകർ കഴിഞ്ഞ എട്ട് മാസത്തിലധികമായി കൂടൊരുക്കി വളർത്തിയ കാളാഞ്ചിയും കരിമീനെയുമാണ് പ്രളയജലം തകര്‍ത്തെറിഞ്ഞത്. മഹാപ്രളയത്തില്‍ ഇല്ലാതാക്കിയത് കൂടുമത്സ്യ കൃഷിയില്‍ സജീവമായിരുന്ന നിരവധി പേരുടെ സ്വപ്നങ്ങളെക്കൂടിയാണ്.

മഹാമാരിയില്‍ പുഴയിലൂടെയും, കായലിലൂടെയും ഒഴുകി വന്ന മരവും, ചേറും കൂടെല്ലാം തകർത്ത് ഒഴുക്കി കളഞ്ഞു. മുക്കാൽ ശതമാനവും വളർച്ചയെത്തിയ മീനുകളെയും. ഒഴുകി പോകാതിരിക്കാൻ കൂട് മരത്തിൽ കെട്ടിയിട്ടവർ ക്യാംപുകളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കണ്ടത് മരമടക്കം കടപുഴകി ഒലിച്ച് പോയ സങ്കടക്കാഴ്ച്ചകളാണ്. എറണാകുളം ജില്ലയിലെ ഗോതുരുത്ത്, പിഴല,വരാപ്പുഴ എന്നിവടങ്ങളിലാണ് കൂട് മത്സ്യ കൃഷി പ്രളയത്തിൽ താറുമാറായത്.  

ആയിരം കാളാഞ്ചിയും,പതിനായിരം  കരിമീനും വാങ്ങി നാല് കൂടൊരുക്കാൻ ശരാശരി ചിലവാക്കേണ്ടി വരുന്നത് ഏകദേശം നാല് ലക്ഷം രൂപയാണ്. ഇനി കൃഷിയിറക്കാൻ പറ്റാത്ത രീതിയിൽ മത്സ്യകര്‍ഷകരുടെ കൂടെല്ലാം തകർന്ന് പോയിരിക്കുന്നു.

ഫിഷറീസ് വകുപ്പിൽ നിന്ന് സബ്സിഡിയും ബാക്കി തുക ലോണുമെടുത്താണ് ഇവർ വര്‍ഷാ വര്‍ഷം കൃഷിയിറക്കിയത്. പ്രളയത്തിൽ വീടുകൾക്ക് സംഭവിച്ച കേടുപാടുകൾ ശരിയാക്കാൻ പെടാപാട് പെടുന്നവർക്ക് മുന്നിലേക്കാണ് കൃഷിയിൽ നിന്ന് സംഭവിച്ച വൻ നാശനഷ്ടം ഇരട്ടി പ്രഹരമാകുന്നത്.

Follow Us:
Download App:
  • android
  • ios