സംസ്ഥാനത്തും നോട്ട് നിരോധനത്തെ തുടര്‍ന്ന് ചെറുകാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി. ന്നാല്‍ പത്തു ലക്ഷം രൂപയ്ക്കു മുകളിലുളള കാറുകളുടെ വില്‍പ്പനയില്‍ മാറ്റമില്ലെന്നാണ് ഡീലര്‍മാരുടെ വിലയിരുത്തല്‍.. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ നൂറു ശതമാനം വായ്പയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം നല്‍കുന്നത്.

നവംബര്‍ എട്ടിന് നോട്ടുനിരോധനം നിലവില്‍ വന്നതിനു ശേഷമുളള മൂന്നു ദിവസം കാര്‍ വിപണി തികച്ചും മൂകമായിരുന്നു. ആറുലക്ഷം രൂപവരെയുളള ചെറുകാറുകളുടെ വില്‍പ്പനയിലാണ് ഇത് കൂടുതല്‍ പ്രകടമായത്.ഇത്തരം കാറുകള്‍ വാങ്ങുന്നവരിലേറെയും ഉദ്യോഗസ്ഥരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുമാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കാറുകളെ കുറിച്ച് അന്വേഷിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു.എന്നാല്‍ കാറുകള്‍ക്ക് 100 ശതമാനം വായ്പയെന്ന വാഗ്ദാനവുമായി കാര്‍ നിര്‍മ്മാതാക്കള്‍ നേരിട്ടു രംഗത്തു വന്നതോടെ വില്‍പ്പനയില്‍ ഉണര്‍വുണ്ടായെന്നാണ് ഡീലര്‍മാരുടെ വിലയിരുത്തല്‍. പ്രത്യേകിച്ചും വലിയ കാറുകളുടെ വില്‍പ്പനയില്‍.

ഇതൂകൂടാതെ വിവിധ കമ്പനികള്‍ പുതിയ കാറുകള്‍ വിപണിയിലെത്തിച്ചതും ഗുണം ചെയ്തു.പഴയ കാറുകള്‍ മാറ്റിവാങ്ങാനെത്തിയവരും കൂടി.എന്നാല്‍ വായ്പയെ ആശ്രയിക്കാതെ നേരിട്ട് പണം നല്‍കി കാര്‍ വാങ്ങുന്നതില്‍ നിന്ന് വന്‍കിട ഉപഭോക്താക്കള്‍ ഇത്തിരി പിറകോട്ടു നില്‍ക്കുന്നുവെന്ന് ഈ രംഗത്തുളളവര്‍ ചൂണ്ടിക്കാട്ടുന്നു.