ദില്ലി: രാജ്യത്തെ അഭ്യന്തര വ്യോമയാന മേഖലയില്‍ ജനുവരി മാസത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. കേന്ദ്ര വ്യോമയാനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം വര്‍ഷം ജനുവരിയില്‍ 95 ലക്ഷം പേരാണ് രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയതെങ്കില്‍ ഈ വര്‍ഷം 1.14 കോടി പേര്‍ അഭ്യന്തരയാത്രക്കാരായി എത്തി. 

യാത്രാക്കാരുടെ എണ്ണം വര്‍ധിച്ചതിന്റെ ഗുണം മുന്‍നിര വിമാനക്കമ്പനികള്‍ക്കെല്ലാം ലഭിച്ചിട്ടുണ്ട്. ജനുവരിയിലെ ഭൂരിപക്ഷം അഭ്യന്തരസര്‍വവീസുകളും എണ്‍പത് ശതമാനത്തിലേറെ യാത്രക്കാരേയും വഹിച്ചാണ് യാത്ര ലക്ഷ്യസ്ഥാനത്തെത്തിയത്. 

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചത്. അഭ്യന്തരറൂട്ടില്‍ സ്‌പൈസ് ജെറ്റിന്റെ 95 ശതമാനം സീറ്റുകളും ഇക്കാലയളവില്‍ നിറഞ്ഞിരുന്നു. 90 ശതമാനം സീറ്റുകളും നിറച്ച ഗോ എയറാണ് രണ്ടാം സ്ഥാനത്ത്. 

ജനുവരിയിലെ മികച്ച പ്രകടനം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുടെ വ്യോമയാനമേഖല എന്ന ഇന്ത്യയുടെ പദവി ശക്തമാക്കാന്‍ സഹായിക്കുമെന്ന് വ്യോമയാനവകുപ്പ് മന്ത്രി അശോക് ഗണപതി രാജു ട്വിറ്ററില്‍ കുറിച്ചു.