കാർഷികകടം എഴുതിത്തള്ളുകയല്ല, സാമ്പത്തികമായി അവരെ സഹായിക്കുന്ന ബജറ്റാണ് വേണ്ടത്. വിമർശിക്കുന്ന പ്രതിപക്ഷം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർക്ക് കൂടുതൽ പണം നൽകുമല്ലോ? അരുൺ ജയ്റ്റ്‍ലി.
ദില്ലി: കർഷകർക്ക് വർഷത്തിൽ ആറായിരം രൂപ നേരിട്ട് അക്കൌണ്ടുകളിലേക്ക് നൽകുന്ന ബജറ്റ് തട്ടിപ്പെന്ന് ആരോപിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. അധികാരത്തിലിരിക്കുമ്പോൾ കർഷകർക്കായി ഒന്നും ചെയ്യാത്ത പ്രതിപക്ഷപാർട്ടികൾ ഇപ്പോൾ സർക്കാരിന് വേണ്ടി പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്ന് ജയ്‍റ്റ്‍ലി ആരോപിച്ചു.
ചികിത്സയ്ക്കായി ഇപ്പോൾ ന്യൂയോർക്കിലുള്ള അരുൺ ജയ്‍റ്റ്‍ലി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കർഷകർ കേന്ദ്രസർക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ല. കേന്ദ്രസർക്കാർ നൽകിയ സാമ്പത്തിക സഹായത്തിനൊപ്പം സംസ്ഥാനങ്ങൾ കൂടി സഹായം നൽകണം. ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷപാർട്ടികൾ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ സഹായങ്ങൾ ഉറപ്പാക്കുമല്ലോ? - ജയ്‍റ്റ്‍ലി പരിഹസിച്ചു.
കാർഷികകടം എഴുതിത്തള്ളുന്നത് കാർഷികപ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. സാമ്പത്തികമായി അവരെ സഹായിക്കുന്ന ഒരു ബജറ്റാണ് വേണ്ടതെന്നും ജയ്‍റ്റ്‍ലി ആവർത്തിച്ചു. കാർഷികരോഷം ഇരമ്പിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശുൾപ്പടെയുള്ള ഇടങ്ങളിൽ ബിജെപിക്ക് കാലിടറിയ സാഹചര്യത്തിലാണ് പുതിയ ബജറ്റിൽ കർഷകർക്കായി കേന്ദ്രസർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
എന്നാൽ ദിവസം 17 രൂപ മാത്രം നൽകുന്ന ഒരു ബജറ്റ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഇന്ത്യൻ കർഷകനെ കളിയാക്കുന്നതാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, വോട്ട് ഓൺ അക്കൌണ്ടല്ല, വോട്ട് ഫോർ അക്കൌണ്ടാണ് എൻഡിഎ സർക്കാർ അവതരിപ്പിച്ചതെന്ന് മുൻ ധനകാര്യമന്ത്രി പി ചിദംബരവും കുറ്റപ്പെടുത്തി.
രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ റിപ്പോർട്ടും ജയ്‍റ്റ്‍ലി തള്ളി. വികസനത്തിലേക്ക് കുതിക്കുന്ന രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്നും ജയ്‍റ്റ്‍ലി ചോദിച്ചു.
