ഇന്ത്യയെ അഞ്ചു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ വേണ്ടി നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്ത പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി 'ഉജ്ജ്വല' യോജന. 2016 മെയ് 1-ന് പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി, രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി അഞ്ചു കോടിയിലധികം പാചകവാതക കണക്ഷനുകൾ വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. ഒന്നാം വർഷത്തിൽ തന്നെ 2.2 കോടി കണക്ഷനുകൾ വിതരണം ചെയ്തു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഡിസംബർ 2018 ആയപ്പോഴേക്കും കണക്ഷനുകളുടെ എണ്ണം 5.8 കോടി എത്തി എന്നും.  ഇത് ഇന്ത്യൻ അടുക്കളകളിൽ എൽപിജി ഉപഭോഗത്തിൽ കാര്യമായ വർദ്ധനവുണ്ടാക്കി എന്നാണ് കരുതുന്നത്. 

എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഈ പദ്ധതിയുടെ നടത്തിപ്പിൽ സാരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അടുക്കളകളിലേക്ക് എത്തേണ്ട ഗ്യാസ് സിലിണ്ടറുകൾ വഴിമാറി റെസ്റ്റോറന്റുകളും കാന്റീനുകളും തട്ടുകടകളും പോലുള്ള കമേഴ്‌സ്യൽ സെറ്റപ്പുകളിലേക്ക് കരിഞ്ചന്തയ്ക്ക് വിലക്കപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് സമയാസമയം സിലിണ്ടറുകൾ എത്തിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തൽ. 

തൊഴിലുറപ്പ് പദ്ധതി എന്ന യുപിഎ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിനോട് കിടപിടിക്കുന്നത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് എൻഡിഎയുടെ ഉജ്ജ്വല യോജന. 12,800 കോടി രൂപയാണ് പദ്ധതിയുടെ മുടക്കുമുതൽ. പ്രസ്തുത പദ്ധതിയുടെ പെർഫോമൻസ് ഓഫിറ്റ് റിപ്പോർട്ടിൽ സിഎജി പറയുന്നത് ഇന്ത്യൻ അടുക്കളകളിൽ, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളിൽ വിറകിനു പകരം എൽപിജി ഉപഭോഗം ശീലമാക്കിക്കുക എന്ന ദൗത്യം വിജയിപ്പിക്കുന്നതിൽ ഈ പദ്ധതി ഇനിയും വിജയിച്ചിട്ടില്ല എന്നാണ്. കാരണം, വിതരണം ചെയ്യപ്പെട്ട കണക്ഷനുകളിൽ വീടുകളിൽ നടക്കുന്ന ശരാശരി പാചകത്തിന് അനുസൃതമായ എൽപിജി ഉപഭോഗം നടന്നിട്ടില്ല. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷൻ എടുത്തിട്ടുള്ളവരിൽ നിന്നുണ്ടായിട്ടുള്ള വാർഷിക സിലിണ്ടർ ഉപഭോഗം 3.21 മാത്രമാണ്. അതായത് ഏതാണ്ട് മൂന്നോ നാലോ മാസത്തിൽ ഒരു സിലിണ്ടർ മാത്രം. അതുമാത്രമല്ല, ലോണുകൾ എടുത്തിട്ടുള്ള 0.92 കോടി ഉപഭോക്താക്കളുടെ കുറഞ്ഞ ഗ്യാസ് ഉപഭോഗവും 1234.71 കോടിയുടെ വായ്പ തിരിച്ചു പിടിക്കുന്നതിന് തടസ്സമായിട്ടുണ്ട്. 

അടുക്കളകളിലെ പുകയടുപ്പുകളിൽ ഊതിയൂതി ആരോഗ്യം ക്ഷയിക്കുന്നതിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുക എന്നതാണ് എൽപിജി പോലുള്ള പുകരഹിതമായ ഇന്ധനം അടുക്കളയിൽ വിറകിനു പകരമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിറകു തേടി കാട്ടിനുള്ളിലെ മറ്റും പോയി ഉണ്ടാവുന്ന അപകടങ്ങളും അതുവഴി കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ വിറക് സുലഭമായി കിട്ടുന്ന സംസ്ഥാനങ്ങളിൽ ഗ്യാസിന്റെ ഉപഭോഗം കുറവാണ്. അവിടെത്തന്നെ വിറക് കിട്ടാത്ത നഗരപ്രദേശങ്ങളിൽ താരതമ്യേന ഭേദപ്പെട്ട ഉപഭോഗം നടക്കുന്നുമുണ്ട്. വിറക് വിട്ട് ഗ്യാസിലേക്ക് ചേക്കേറാൻ പൊതുവെ ഒരു മടി ആളുകൾക്കിടയിൽ ഉണ്ടെങ്കിലും, പതുക്കെ ആ ട്രെൻഡ് മാറി വരുന്നുണ്ട്.

സർക്കാറിന്റെ ഭാഗത്തുനിന്ന് പദ്ധതിയുടെ വക്താക്കൾ പറയുന്നത്, 87 ശതമാനം കണക്ഷൻ ഉടമകളും സിലിണ്ടർ റീഫിൽ ചെയ്തിട്ടുണ്ട് എന്നും, ഇതുവരെ 40 കോടി സിലിണ്ടറുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ്.ആദ്യം നിശ്ചയിച്ചിരുന്ന അഞ്ചുകോടി കണക്ഷൻ എന്നത് പിന്നീട് വിപുലീകരിച്ച് എട്ടുകോടിയാക്കിയപ്പോൾ അധികമായി വകയിരുത്തേണ്ടി വന്നത് 4800 കോടി രൂപയാണ് .


 പദ്ധതിയെപ്പറ്റിസിഎജി ഉന്നയിച്ചിട്ടുള്ള  പ്രധാന പരാതികൾ ഇനി പറയുന്നവയാണ്.

1. പല കുടുംബങ്ങൾക്കും ഒന്നിലധികം കണക്ഷനുകൾ കിട്ടിയിട്ടുണ്ട്.  3.78 കോടി കണക്ഷനുകളിൽ 42 ശതമാനത്തിനു മാത്രമാണ് ആധാറിന്റെ അടിസ്ഥാനത്തിൽ  കണക്ഷൻ വിതരണം ചെയ്തത്. 

2. കഴിഞ്ഞ വർഷം വിതരണം ചെയ്ത 1.96 കോടി ഗ്യാസ്  കണക്ഷനുകളിൽ ഇതുവരെ നടന്ന ശരാശരി ഉപഭോഗം വെറും 3.66 സിലിണ്ടർ മാത്രമാണ്. 

3. അതേ സമയം 1.96 ലക്ഷം പേർ തങ്ങളുടെ കണക്ഷനിൽ വർഷത്തിൽ 12-ലധികം സിലിണ്ടറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ കണക്ഷനുകളിലെ സിലിണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യപ്പെട്ടുവോ എന്ന സംശയവും സിഎജി റിപ്പോർട്ടിൽ ഉണ്ട്. 

4. ഉജ്ജ്വല പദ്ധതിയുടെ പേരിൽ വ്യാവസായികമായി വലിയതോതിലുള്ള ദുരുപയോഗങ്ങൾ നടത്തപ്പെടുന്നുണ്ട് എന്ന സംശയം സിഎജി പ്രകടിപ്പിക്കുന്നു. ഒരേ കണക്ഷനിൽ ഒരൊറ്റ ദിവസത്തിൽ രണ്ടു മുതൽ ഇരുപതു വരെ സിലിണ്ടർ റീഫിൽ നടത്തപ്പെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.  

5. കണക്ഷൻ നൽകാനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിൽ വന്ന ചില തകരാറുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ അരങ്ങേറിയിരിക്കുന്നത്. അല്ലെങ്കിൽ, ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇട നൽകുന്ന ബഗ്ഗുകളോടെയാണ് സോഫ്റ്റ്‌വെയർ തന്നെ രൂപകൽപന ചെയ്യപ്പെട്ടത്. ഈ ലൂപ്പ്‌ഹോളുകൾ കാരണം 18 വയസ്സിൽ താഴെ പ്രായമുള്ള 80,000 ലധികം പേർക്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കണക്ഷൻ അനുവദിച്ചിട്ടുണ്ട്. 

6. കണക്ഷനുകളുടെ വിതരണത്തിൽ, പലപ്പോഴും കാര്യമായ കാലതാമസമുണ്ടായതായി ഓഡിറ്റ് നിരീക്ഷിക്കുന്നു. 4.35 ലക്ഷം കണക്ഷനുകൾ പ്രഖ്യാപിത സമയമായി ഒരാഴ്ചയേക്കാൾ കൂടുതൽ സമയമെടുത്താണ് പൂർത്തീകരിച്ചത്. 10 ദിവസം മുതൽ 664 ദിവസം വരെയുള്ള കാലതാമസങ്ങൾ സിഎജിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

7. പാചകവാതക കണക്ഷൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് നൽകേണ്ടത് എന്നാണ് ഉജ്ജ്വല പദ്ധതിയുടെ മാർഗ്ഗരേഖകളിൽ പറയുന്നത്. പക്ഷേ, 1.88 ലക്ഷം കണക്ഷനുകൾ നൽകപ്പെട്ടത് പുരുഷന്മാരുടെ AHL TIN നമ്പറിന്റെ അടിസ്ഥാനത്തിലാണ്. 

8. പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ ഉപഭോഗത്തിൽ പാലിക്കേണ്ട മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പലതും  പാലിക്കപ്പെടുന്നില്ല എന്ന് സിഎജി നിരീക്ഷിച്ചു. 

9.  ഡിമാൻഡ് ഏറെയുള്ള  അഞ്ചുകിലോഗ്രാം സിലിണ്ടറുകളും ആവശ്യത്തിന് ലഭ്യമല്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.  വെറും 92,005 സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. 


ഉജ്ജ്വല പദ്ധതിയ്ക്ക് സിഎജി നൽകുന്ന നിർദേശങ്ങൾ 

1. ഒരു കുടുംബം ഒരു സിലിണ്ടർ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നുറപ്പുവരുത്താൻ, സോഫ്റ്റ്‌വെയറിൽ കുടുംബത്തിലെ എല്ലാവരുടെയും ആധാർ നമ്പറുകൾ ശേഖരിക്കപ്പെടണം.

2. സോഫ്റ്റ് വെയർ കാലാനുസൃതമായി പരിഷ്കരിക്കുകയും, ബഗ്ഗ് മുക്തമാക്കുകയും വേണം. 

3. ഉജ്ജ്വല സ്‌കീമിൽ ഉൾപ്പെടുന്ന അംഗങ്ങളുടെ E -KYC നിർബന്ധമായും ചെയ്തിരിക്കണം 

4. പ്രായപൂർത്തിയാകാത്ത ഏതെങ്കിലും അംഗങ്ങൾ ഉണ്ടെങ്കിൽ അവരുടെ പേരിലുള്ള കണക്ഷൻ കുടുംബത്തിലെ പതിനെട്ടുവയസ്സു തികഞ്ഞ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റണം.

5. എൽപിജി ഉപയോഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ ഇടവേളകളിൽ ക്യാമ്പെയ്‌നുകൾ നടത്തണം.