മുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കമ്പനികള്‍ കരഞ്ഞുവിളിക്കേണ്ടെന്ന് വ്യക്തമാക്കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണ മൂര്‍ത്തി സുബ്രഹ്മണ്യം. ലാഭം കൈക്കലാക്കാനും നഷ്ടം സാമൂഹ്യവൽക്കരിക്കാനുമുള്ള പ്രവണതയിൽ നിന്ന് രാജ്യത്തെ കമ്പനികള്‍ വിട്ടുനില്‍ക്കണം. ഇത്തരത്തിലുളള അവരുടെ മാനസികാവസ്ഥ മാറ്റേണ്ടതുണ്ടെന്നും സമ്മർദ്ദ സമയങ്ങളിൽ അത് സഹായകമാകണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. 

'കുഞ്ഞായിരിക്കുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാണ്, എന്നാല്‍ വളര്‍ച്ചയെത്തിയാലോ, ഇന്ത്യന്‍ സ്വകാര്യ മേഖല 30 വയസ്സ് പ്രായമുളള കുട്ടിയാണ്. 1991 മുതല്‍ സ്വകാര്യ മേഖല സജീവമാണ്. 30 വയസ്സുള്ള കുട്ടി, മനുഷ്യന്‍, എനിക്ക് എന്‍റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് പറയണം. എനിക്ക് പപ്പയുടെ (സര്‍ക്കാര്‍) അടുത്തേക്ക് പോകേണ്ട ആവശ്യമില്ലെന്നാണ് പറയേണ്ടത്' അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഓട്ടോ, ടെക്സ്റ്റൈല്‍, എഫ്എംസിജി മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്  വിവിധ കമ്പനികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് മുന്നോട്ടുവന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ പ്രതികരണം.