ശ്രീനഗര്‍: ഇന്റര്‍നെറ്റില്ല, മതിയായ ഫോണ്‍ സൗകര്യങ്ങളില്ല. ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്നും യാത്രാവിവരങ്ങളും മറ്റും വീട്ടുകാരെ എങ്ങനെയാണ് അറിയിക്കേണ്ടത് ? അതുകൊണ്ട് പ്ലാന്‍ ചെയ്തതിലും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇവിടെ ചെലവഴിക്കാന്‍ സാധിച്ചത്. കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ സഞ്ചാരിയുടെ വാക്കുകളാണിത്. സ്‌കീയിങ്ങിനെത്തിയതാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആറംഗ സംഘം.

കശ്മീരില്‍ തുടരുന്ന അനശ്ചിതാവസ്ഥ വിനോദസഞ്ചാരമേഖലയെ അപ്പാടെ തകര്‍ത്തിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടയതായി ജമ്മു കശ്മീര്‍ ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്-നവംബര്‍ മാസം 19,167 വിദേശ സഞ്ചാരികള്‍ എത്തിയപ്പോള്‍ ഇക്കൊല്ലം വെറും 3,413 പേര്‍ മാത്രമാണ് എത്തിയത്. സഞ്ചാരികളുെട എണ്ണത്തില്‍ 82% ഇടിവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുെട എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 

2018 ഓഗസ്റ്റ് -നവംബര്‍ മാസം 2,48,788 സഞ്ചാരികളാണ് കഴിഞ്ഞകൊല്ലം എത്തിയിരുന്നതെങ്കില്‍ ഇക്കൊല്ലം അത് 32,411 പേരായി ചുരുങ്ങി. 87% ഇടിവാണ് കണക്കാക്കുന്നത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 9,004 വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും അമര്‍നാഥ് തീര്‍ഥാടകരാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ആകെ 21,413 സഞ്ചാരികളാണ് കശ്മീരിലെത്തിയത്. ഒക്ടോബറില്‍ 9,327 പേരുമെത്തി. 

ഒട്ടേറെ വിദേശ രാജ്യങ്ങള്‍ കശ്മീര്‍ സുരക്ഷിതമല്ലെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കശ്മീരിലെ ഹോട്ടല്‍, ഹൗസ് ബോട്ട് വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏറെ ഇളവുകള്‍ നല്‍കിയാണ് നിലവില്‍ സഞ്ചാരികള്‍ക്ക് സേവനം ലഭ്യമാക്കുന്നതെന്ന് വ്യവസായികള്‍ പറയുന്നു.