Asianet News MalayalamAsianet News Malayalam

ഇക്കുറി സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പണി കിട്ടും; ആവശ്യങ്ങളുമായി സിഐഐ രംഗത്ത്

2018ലെ ബജറ്റില്‍ 7.5-10 ശതമാനത്തില്‍ 15-20 ശതമാനമായിട്ടാണ് വാഹന പാര്‍ട്സുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഇത് ഓട്ടോമൊബൈല്‍ രംഗത്തിന് വന്‍ തിരിച്ചടിയായി.

Electric vehicle Battery import duty should reduce:CII
Author
New Delhi, First Published Jan 27, 2020, 6:44 PM IST

ദില്ലി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫഡറെഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്(സിഐഐ). ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഇറക്കുമതി തീരുവ കുറച്ചാല്‍ രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തിന് ഉണര്‍വാകുമെന്നും കോണ്‍ഫഡേറഷന്‍ വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് സിഐഐ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. നിലവില്‍ ബാറ്ററി ചാര്‍ജര്‍, എസി, ഡിസി മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളര്‍ തുടങ്ങിയവ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്യുകയാണ്. 10 ശതമാനം തീരുവയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് നിലവില്‍ ചുമത്തുന്നത്. ഇത് അഞ്ച് ശതമാനമാക്കി കുറക്കണമെന്നാണ് സിഐഐയുടെ ആവശ്യം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ പല സംസ്ഥാന സര്‍ക്കാറുകളും നയമായി സ്വീകരിച്ചിരുന്നു. 

ഓട്ടോമൊബൈല്‍ പാര്‍ട്ട്സുകളുടെ ഇറക്കുമതി തീരുവ 10 ശതമാനമാക്കി  കുറയ്ക്കണമെന്ന്  കോണ്‍ഫഡേറഷന്‍ ആവശ്യപ്പെട്ടു. 2018ലെ ബജറ്റില്‍ 7.5-10 ശതമാനത്തില്‍ 15-20 ശതമാനമായിട്ടാണ് വാഹന പാര്‍ട്സുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഇത് ഓട്ടോമൊബൈല്‍ രംഗത്തിന് വന്‍ തിരിച്ചടിയായി. തദ്ദേശീയമായി ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. എന്നാല്‍, തദ്ദേശീയ ഉല്‍പാദനം വര്‍ധിച്ചില്ലെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. പാര്‍ട്സുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയില്‍ ലഭ്യമല്ലെന്നും ഇവര്‍ പറഞ്ഞു.

ഇതിന് പുറമെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫോയില്‍ തീരുവ അഞ്ച് ശതമാനമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വാഹന വില്‍പനയില്‍ ഗണ്യമായ ഇടിവുണ്ടായിരുന്നു. യാത്രാവാഹന വില്‍പനയിലാണ് കാര്യമായ തിരിച്ചടിയുണ്ടായത്. 

Follow Us:
Download App:
  • android
  • ios