ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇഎസ്ഐ കോർപ്പറേഷന്റെ കണക്കുകളും പുറത്ത്. സെപ്തംബറിൽ 12 ലക്ഷം പേരാണ് പുതുതായി പേറോൾ ലിസ്റ്റിൽ ഉൾപ്പെട്ടതെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക്. ഓഗസ്റ്റിൽ 13 ലക്ഷം പേരാണ് പുതുതായി ചേർന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ ആകെ 1.49 കോടി പേരാണ് പുതുതായി ഇഎസ്ഐ പദ്ധതിയിൽ ചേർന്നത്.

ഈ കണക്കുകൾ പ്രകാരം 2017 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനും ഇടയിൽ 3.1 കോടി പുതിയ വരിക്കാർ ഇഎസ്ഐസി പദ്ധതിയിൽ ചേർന്നിട്ടുണ്ട്.  ഇഎസ്ഐ കോർപ്പറേഷൻ,  റിട്ടയർമെന്റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒ, പെൻഷൻ ഫണ്ട് റെഗുലേറ്ററി എന്നിവയുടെയും ഡവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ)യുടെയും സംയോജിത കണക്കാണിത്. ഇവരുടെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ ശമ്പള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എൻ‌എസ്‌ഒ റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് 2017 സെപ്റ്റംബർ തൊട്ടുള്ള കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയത്.  അന്ന് തൊട്ട് 2018 മാർച്ച് വരെ 83.35 ലക്ഷം പേരാണ് കമ്പനിയിൽ അംഗങ്ങളായത്.

ഇപിഎഫ്ഒ പദ്ധതിയിൽ ഓഗസ്റ്റ് മാസത്തിൽ 9.41 ലക്ഷം പേരാണ് ചേർന്നത്. സെപ്തംബറിൽ ഇത് 9.98 ലക്ഷമായി ഉയർന്നു.  2018-19 സാമ്പത്തിക വർഷത്തിൽ ആകെ 61.12 ലക്ഷം പേർ മാത്രമാണ് ഇപിഎഫ്ഒയുടെ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായത്. സെപ്റ്റംബർ 2017 സെപ്റ്റംബർ മുതൽ 2018 മാർച്ച് വരെ ആകെ 15.52 ലക്ഷം പേർ മാത്രമാണ് ഇതിൽ അംഗങ്ങളായിരുന്നത്. 2017 സെപ്തംബർ മുതൽ ഇതുവരെയുള്ള
കണക്ക് പരിശോധിച്ചാൽ ആകെ 2.85 കോടി പേർ ഈ പദ്ധതിയിൽ അംഗത്വം എടുത്തിട്ടുണ്ട്.

പക്ഷെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളായതിനാൽ സംഖ്യകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ മേഖലയിലെയും തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല വിവരങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.