Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ വഴിയെ നടന്ന് മഹാരാഷ്ട്ര: കാല്‍ നൂറ്റാണ്ട് മുന്‍പത്തെ ഈ അഭിമാന പദ്ധതി ഇന്ന് മഹാരാഷ്ട്രയ്ക്ക് നേട്ടമാകുന്നു

മഹാരാഷ്ട്രയിലെ ആറ് ജില്ലകളിൽ നെല്ല് പ്രധാന വിളയാണ്. നാഗ്പൂറിനോട് ചേർന്ന് കിടക്കുന്ന ഈ ആറ് ജില്ലകളിൽ നിന്നാണ് സംസ്ഥാനത്തെ 50 ശതമാനത്തോളം നെല്ലും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ എട്ട് മുതൽ ഒൻപത് മാസം വരെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കാറാണ് പതിവ്. അതിനാൽ തന്നെ കേരള മോഡൽ പദ്ധതി വിജയകരമായി പരീക്ഷിക്കാനുമായി. 

farmers in Maharashtra conduct fish farming in paddy fields
Author
Mumbai, First Published Nov 11, 2019, 2:41 PM IST

മുംബൈ: കർഷക ആത്മഹത്യകളിൽ രാജ്യത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്  മഹാരാഷ്ട്ര. കടബാധ്യതയും പ്രകൃതിക്ഷോഭവും, കൃഷിയിലുണ്ടാകുന്ന നഷ്ടവും തെല്ലൊന്നുമല്ല അവരെ വലയ്ക്കുന്നത്. പലവട്ടം, പലതരം പ്രതിഷേധങ്ങൾ നടത്തിയിട്ടും അവരുടെ ആവശ്യം സർക്കാരുകൾ പൂർണ്ണമായി ചെവിക്കൊണ്ടിട്ടുമില്ല. പക്ഷെ അവിടെയൊരു കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അതിനൊരു വഴി കണ്ടു. അത് പക്ഷെ കേരളത്തിൽ കാൽ നൂറ്റാണ്ട് മുൻപ് പരീക്ഷിച്ച് വിജയിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു നെല്ല്, ഒരു മീൻ പദ്ധതിയാണെന്നതാണ് പ്രത്യേകത.

മഹാരാഷ്ട്രയിലെ ഗോണ്ടിയ ഗ്രാമത്തിലാണ് നെൽപ്പാടത്ത് മത്സ്യകൃഷിയിറക്കാനുള്ള തീരുമാനം കർഷകർ എടുത്തിരിക്കുന്നത്. നേരത്തെ ഇവിടെ ജോലി ചെയ്ത കൃഷി ഓഫീസറാണ് കർഷകരോട് ഈ കാര്യം പറഞ്ഞത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് ഇവിടുത്തെ ഒരു കർഷകൻ ദുലിചന്ദ് പാട്‌ലെ ഇത് പരീക്ഷിക്കുകയും മൂന്ന് ലക്ഷം രൂപ ലാഭം നേടുകയും ചെയ്തു. ഇതോടെ മറ്റ് കർഷകരും ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ആറ് ജില്ലകളിൽ നെല്ല് പ്രധാന വിളയാണ്. നാഗ്പൂറിനോട് ചേർന്ന് കിടക്കുന്ന ഈ ആറ് ജില്ലകളിൽ നിന്നാണ് സംസ്ഥാനത്തെ 50 ശതമാനത്തോളം നെല്ലും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ എട്ട് മുതൽ ഒൻപത് മാസം വരെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കാറാണ് പതിവ്. അതിനാൽ തന്നെ കേരള മോഡൽ പദ്ധതി വിജയകരമായി പരീക്ഷിക്കാനുമായി. 2023 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് മഹാരാഷ്ട്രയിലെ സർക്കാർ നേരത്തെ ശ്രമിച്ചിരുന്നത്. അതിനാൽ തന്നെ കർഷകരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കേണ്ടത് സർക്കാരിന്റെയും ആവശ്യമാണ്. 

നെൽപ്പാടത്തോട് ചേർന്ന് കുളങ്ങൾ നിർമ്മിച്ച് മത്സ്യം വളർത്താൻ അരലക്ഷം രൂപ സഹായധനമായി സർക്കാർ അനുവദിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ മഹാരാഷ്ട്രയിൽ 1.2 ലക്ഷം കുളങ്ങൾ നിർമ്മിക്കാനാവുമെന്നാണ് പ്രതീക്ഷ. പരീക്ഷിച്ച് വിജയിച്ച പദ്ധതിയായതിനാൽ തന്നെ കൂടുതൽ നെൽകൃഷിക്കാരാണ് ഈ പദ്ധതിക്കായി മുന്നോട്ട് വന്നിരിക്കുന്നത്.

മൽസ്യക്കൃഷിയിറക്കിയാൽ നെൽകൃഷിക്കു ചെലവു കുറയുകയും വിളവ് വർധിക്കുകയും ചെയ്യുമെന്നതാണു നേട്ടം. നെൽകൃഷി വിളവെടുപ്പിനുശേഷം പാടത്തുണ്ടാകുന്ന അവശിഷ്ടം മൽസ്യത്തിനും മൽസ്യം വളർന്ന പാടത്തെ ജൈവസാന്നിധ്യം നെല്ലിനും ഗുണകരമാകും.

മഹാരാഷ്ട്രയിൽ 2016 ൽ മാത്രം 11,379 പേരാണ് ആത്മഹത്യ ചെയ്തത്. വിളവ് പ്രകൃതിക്ഷോഭത്താൽ നശിക്കുകയും, വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ, ഇവിടെ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2014 ൽ 12360 പേരും 2015 ൽ 12602 പേരും ആത്മഹത്യ ചെയ്തു. ദിവസം 31 പേരും മാസം 948 പേരും മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
 

Follow Us:
Download App:
  • android
  • ios