മുംബൈ: രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ 74 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അടുത്ത ബജറ്റിൽ അംഗീകാരം നൽകിയേക്കും. നിലവിലിത് 49 ശതമാനമാണ്. നിക്ഷേപ പരിധി ഉയർത്തുന്നതോടെ കമ്പനികളിൽ പൂർണ്ണ വിദേശ നിയന്ത്രണത്തിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

വിഷയത്തിൽ വിവിധ തത്പരകക്ഷികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ദീർഘകാലത്തേക്ക് സുസ്ഥിര നിക്ഷേപം ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. 

സർക്കാർ ഉദ്ദേശിക്കുന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയാൽ 2020 ബജറ്റിൽ ഇത് പ്രഖ്യാപിക്കും. ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തിൽ നിന്ന് 49 ശതമാനമാക്കിയത് 2015 ലാണ്. 2015 ലെ ഇൻഷുറൻസ് നിയമപ്രകാരം കമ്പനികളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യാക്കാരുടെ പക്കൽ തന്നെയായിരിക്കണം. നിരവധി വിദേശ നിക്ഷേപകരാണ് ഇതോടെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം ആരംഭിച്ചത്.

എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവയാണ് രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട ലൈഫ് ഇൻഷുറൻസ് കമ്പനികൾ. ഐസിഐസിഐ ലോംബാർഡ്, ജിഐസി റി, ന്യൂ ഇന്ത്യ അഷ്വറൻസ് എന്നിവയാണ് ലിസ്റ്റ് ചെയ്യപ്പെട്ട ജനറൽ ഇൻഷുറൻസ് കമ്പനികൾ.