ദില്ലി: ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) തളര്‍ച്ചയില്‍ പ്രതികരണവുമായി സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥയില്‍ അഗാധമായ ആശങ്കയുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. 4.5 ശതമാനത്തിലേക്ക് ജിഡിപി താഴ്ന്നത് അംഗീകരിക്കാനാവില്ല. 8-9 ശതമാനം രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5 ലേക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നു. സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തില്ലെന്നതിന്‍റെ തെളിവാണ് കാണുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. 2012-2013ന് ശേഷം ജിഡിപി ഇത്രയും താഴുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഭയത്തില്‍ നിന്ന് ആത്മവിശ്വാത്തിലേക്ക് സാമ്പത്തിക വളര്‍ച്ച മാറണം. ഒരു രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥ എന്നാല്‍ സൊസൈറ്റിയുടെ പ്രതിഫലനമാണ്.  നമ്മുടെ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ വിശ്വാസത്തില്‍ നിന്നും ആത്മവിശ്വാസത്തില്‍ നിന്നും മാറി ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. നമ്മുടെ ജിഡിപി 4.5 ശതമാനമായി താഴ്ന്നത് സാമ്പത്തിക നില തകര്‍ന്നതിന്‍റെ അടയാളമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബിജെപി ആഘോഷിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലെ ചോദിച്ചു.ഗോഡ്സെയുടെ വിഘടന രാഷ്ട്രീയം(Godese Divisive Politics) എന്നാണ് ജിഡിപി അവര്‍ ധരിച്ചിരിക്കുന്നതെന്നും സുര്‍ജേവാലെ പറഞ്ഞു.